അപ്പീലില്‍ മേളത്തിളക്കവുമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്

കൊയിലാണ്ടി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തില്‍ കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ വര്‍ഷവും എ ഗ്രേഡ് നേടി വെന്നിക്കൊടി പാറിച്ചു. തുടര്‍ച്ചയായ 13-ാം വര്‍ഷമാണ് സ്‌കൂളിന് ഈ വിജയത്തിളക്കം.
എന്നാല്‍ ഇത്തവണ അപ്പീലിലൂടെ മേളം കൊട്ടി കയറിയാണ് ചെണ്ടമേളത്തില്‍ തങ്ങളുടെ എതിരാളികളെ മേള പ്രതിഭകള്‍ ബഹുദൂരം പിന്നിലാക്കി സ്‌കൂളിന്റെ അഭിമാന സംരക്ഷകരായത്. ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് അപ്പീലിലൂടെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. സംസ്ഥാന മല്‍സരത്തില്‍ ജില്ലയിലെ മികച്ച വിജയം കൂടിയാണിത്. കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് വേണ്ടി കൊരയങ്ങാട് കളിപ്പുരയില്‍ ഗ്രീലകത്ത് രവീന്ദ്രന്റ മാര്‍ഗനിര്‍ദേശത്തിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിലെ വാദ്യകലാകാരന്‍മാരാണ് വര്‍ഷങ്ങളായി ചെണ്ടമേള മത്സരത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിക്കുന്നത്.
കേരള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കൊരയങ്ങാട് ജിഎസ് വിഷ്ണുവിന്റെ ശിക്ഷണത്തിലാണ് വിദ്യാര്‍ഥികള്‍ മേളം അഭ്യസിച്ചത്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ടീം ലീഡര്‍ അതുല്‍സതീശന്റെ നേതൃത്വത്തില്‍ ജി നിവേദ്, അര്‍ജുന്‍ദാസ്, അമല്‍ കൃഷ്ണ, നന്ദുഗോപാല്‍, ശ്രീ ബാല്‍ പ്രസാദ്, ഗോകുല്‍ കൃഷ്ണ എന്നിവരും,ഹൈസ്‌കൂള്‍ വിഭാഗത്തില്‍, ടീം ലീഡര്‍ പി കെ ഫെബിന്‍ രാജ്, ആര്‍ ഡി അഭിനവ്, ജി ശ്രീനാഥ്, പി കെ ശ്രീരാജ്, പി ടി അക്ഷയ്, ശ്രാവണ്‍ ശ്രീധര്‍, ആദര്‍ശ് മധു എന്നിവരുമാണ് മല്‍സരത്തില്‍ പങ്കെടുത്തത്.
യാതൊരു പ്രതിഫലവും കൂടാതെയാണ് കൊരയങ്ങാട് വാദ്യസംഘം വര്‍ഷങ്ങളായി ചെണ്ടമേള മല്‍സരത്തിന് കൊയിലാണ്ടി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. ആറ് മാസം മുമ്പ് തുടങ്ങുന്ന അര്‍പ്പണബോധത്തോടെയുള്ള സേവനമാണ് കുട്ടികളുടെ വിജയത്തിന് പിന്നിലെന്ന് വാദ്യസംഘത്തിന്റെ അമരക്കാരന്‍ കളിപ്പുരയില്‍ രവീന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top