അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത വിത്തുകള്‍ക്ക് ഗുണമേന്മയില്ലെന്നു പരാതി

തിരുവല്ല: ഇടമഴയില്‍ പാടത്ത് വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് വിതച്ച വിത്തുകള്‍ അഴുകിപ്പോയ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളിലേക്ക് കൃഷിഭവന്‍ മുഖാന്തരം സര്‍ക്കാര്‍ വിതരണം ചെയ്ത വിത്തുകള്‍ക്ക് വേണ്ടത്ര ഗുണമേന്മയില്ലെന്ന് പരാതി. വെള്ളക്കെട്ടിനൊപ്പം വേണ്ടത്ര ഗുണമേന്മയില്ലാത്ത വിത്തുകള്‍ വിതച്ചതിനാലാണ് ഇവ അഴുകിപ്പോകാന്‍ ഇടയാക്കിയതെന്നാണ് കര്‍ഷകരുടെ ആക്ഷേപം.
കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരതോട് പാടശേഖര കണ്‍വീനര്‍ മാത്യു ജോണ്‍ വാഴയില്‍ ചെമ്പോലില്‍ കൃഷിമന്ത്രിക്ക് നിവേദനം നല്‍കി.പാകപ്പെടുത്തിയ പാടത്ത് വിത്തുവിതച്ചതിന് തൊട്ടുപിന്നാലെ കടന്നുവന്ന കനത്തമഴ വിത്തുകള്‍ നശിച്ചുപോവുന്നതിന് ഇടയാക്കിയിരുന്നു. വീണ്ടും വിത്ത് വിതച്ചെങ്കിലും തുടര്‍ച്ചയായി പെയ്തമഴ വിത നശിക്കുന്നതിനു കാരണമായി. നിരണം ഇരതോട് പാടശേഖരം, ഇടയോടിചെമ്പ് പാടശേഖരം, അരിയോടിച്ചാല്‍ തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം വിത നശിച്ചിട്ടുണ്ട്. കടപ്ര, പെരിങ്ങര, നെടുബ്രം, തലവടി തുടങ്ങിയ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി.
വിത്തുവിതച്ചതിനു ശേഷം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഉറവ പറ്റിക്കുകയാണ് പതിവ്. എന്നാല്‍ മഴ പെയ്യുന്നതു മൂലം ഉറവ പറ്റിക്കുവാന്‍ ഇപ്പോള്‍ കഴിയുന്നില്ല. തന്മൂലം വിതച്ച നെല്‍വിത്തുകള്‍ വെള്ളത്തിനടിയില്‍ കിടന്ന് അഴുകി നശിക്കുകയാണ്. ഒഴാഴ്ചമുമ്പ് വിതച്ച വിത്തുകള്‍ നശിച്ചതാകട്ടെ ഉറവ പറ്റിച്ചപ്പോള്‍ ചെളിയില്‍ താഴ്ന്നത് മൂലമായിരുന്നു.മൂന്നാമതും വിതക്കേണ്ടി വരുമോ എന്നാണ് കര്‍ഷകരുടെ ഭയം. ഈ സമയത്ത് കനത്ത മഴ പെയ്യുന്നത് അപൂര്‍വമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഏക്കറിന് 20 കിലോഗ്രാം വിത്താണ് കൃഷിഭവനില്‍നിന്ന് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. രണ്ടാമതു വിതക്കേണ്ടി വന്നപ്പോഴും 20കിലോഗ്രാം വിത്ത് കൃഷിഭവനില്‍നിന്ന് നല്‍കി.എന്നാല്‍ ഇതുകൊണ്ട് വിത്ത് തികയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കൃഷിഭവനില്‍നിന്ന് ലഭിച്ച വിത്തിന് വേണ്ടത്ര ഗുണമേന്മയില്ലാത്തതിനാല്‍ പുറമേനിന്ന് വാങ്ങിയ വിത്തും കര്‍ഷകര്‍ക്ക് ഉപയോഗിക്കേണ്ടി വന്നു. മുപ്പത്തിയാറു രൂപയാണ് ഒരു കിലോ വിത്തിന്റെ പുറത്തുള്ള വില. രണ്ട് പറ വിത്ത് വിതയ്ക്കുന്നതിന് 750 രൂപയാണ് ചെലവ്. ഇത് രണ്ടു തവണ കര്‍ഷകര്‍ക്ക് ചെലവാക്കേണ്ടി വന്നു. ഇനിയും ഇതു വേണ്ടി വരുമോ എന്നാണ് കര്‍ഷകരുടെ ഭയം.

RELATED STORIES

Share it
Top