അപേക്ഷ സമര്‍പ്പിക്കുന്നതില്‍ അപാകത കാണിക്കു ന്നെന്ന് ആരോപണം

നിലമ്പൂര്‍: നഗരസഭയുടെ ഭവന പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതില്‍ അധികൃതര്‍ സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന് ആരോപണം. അപേക്ഷകളും പ്ലാനും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് നഗരസഭാധ്യക്ഷ നിര്‍ദേശിക്കുന്ന ആളെ മാത്രം ചുമതലപ്പെടുത്തിയതായും ലെന്‍സ്‌ഫെഡ് ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
ഇത് ഒരു മാനദണ്ഡവും പാലിക്കാതെയാണെന്നും മറ്റുള്ള ലൈസന്‍സികള്‍ യോഗ്യരല്ല എന്ന തെറ്റായ സന്ദേശം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതി എന്ന നിലയില്‍ കുറഞ്ഞ നിരക്കില്‍ തങ്ങള്‍ രേഖകള്‍ തയ്യാറാക്കി നല്‍കാമെന്നും ഇത്തരം ഇടപാടുകള്‍ റദ്ദാക്കി അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ലൈസന്‍സികള്‍ പിഎംഎവൈ, ലൈഫ് മിഷന്‍ പദ്ധതികള്‍ക്കായി പ്ലാനുകള്‍ സമര്‍പ്പിച്ചാല്‍ ഉദ്യോഗസ്ഥര്‍ അത് സ്വീകരിക്കാതെ അവര്‍ക്കു താല്‍പര്യമുള്ളവരുടെ പ്ലാന്‍ തന്നെ വേണമെന്നു പറയുന്ന സാഹചര്യങ്ങളും നഗരസഭയില്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ ലോബിയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഭാവിയിലും നഗരസഭയില്‍ അഴിമതിക്കു കളമൊരുക്കുമെന്ന ആശങ്കയും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ലെന്‍സ്‌ഫെഡ് നിലമ്പൂര്‍ ഏരിയാ കമ്മിറ്റി ഭാരവാഹികളായ ഉമ്മര്‍ കല്ലറ, വി എല്‍ അനില്‍, പി സി സലില്‍ കുമാര്‍, ടി കെ ഗിരിനാഥന്‍, എം വി വിനോദ്കുമാര്‍ പങ്കെടുത്തു. അതേസമയം, നഗരസഭയുടെ പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. ഭവനപദ്ധതികള്‍ക്കായി പ്ലാന്‍ വരയ്ക്കുന്നതിന് കുറഞ്ഞ നിരക്കില്‍ ചെയ്യാന്‍ തയ്യാറായവരെ അനുവദിക്കുക മാത്രമാണ് ചെയ്തത്.
കുറഞ്ഞ നിരക്കില്‍ പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കാന്‍ ആര് തയ്യാറായാലും അനുവദിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരസഭയുടെ 2017-2018 വര്‍ഷത്തേക്കുള്ള പിഎംഎവൈ, ലൈഫ് മിഷന്‍ ഭവന പദ്ധതികള്‍ക്കായി പ്ലാന്‍ വരച്ച് രേഖകള്‍ തയ്യാറാക്കുന്നതില്‍ ഗുണഭോക്താക്കള്‍ക്ക് സ്വാതന്ത്യമുണ്ട്. എന്നാല്‍, പതിവു നിരക്കില്‍ നിന്നു ഏറെ കുറഞ്ഞ നിരക്കില്‍ രേഖ തയ്യാറാക്കി നല്‍കാമെന്നും എഴുതി തന്ന വ്യക്തിക്ക് ഇതിന് അനുമതി നല്‍കിയെന്നല്ലാതെ ഒരു തരത്തിലും ആരെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും പത്മിനി ഗോപിനാഥ് പറഞ്ഞു. മാത്രവുമല്ല, നിലവില്‍ 72 ഗുണഭോക്താക്കളുടെ രേഖകള്‍ മാത്രമാണ് തയ്യാറായിട്ടുള്ളത്.
ഓരോ വര്‍ഷവും നിരവധി അപേക്ഷകരാണുള്ളത്. ഇനിയും ഇത്തരത്തില്‍ ലൈസന്‍സുള്ളവര്‍ക്ക് ഇതിന് സാഹചര്യമുണ്ട്. നഗരസഭ ഇക്കാര്യത്തിലൊന്നും ഇടപെടില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

RELATED STORIES

Share it
Top