അപൂര്‍വ ശസ്ത്രക്രിയയിലൂടെ 34 കാരന് പുനര്‍ജന്മം

കൊച്ചി: ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ പമ്പിങ് 10 ശതമാനമായി കുറഞ്ഞ് അത്യാസന്ന നിലയിലായിരുന്ന 34കാരന് അപൂര്‍വമായ സര്‍ജിക്കല്‍ ആന്റീരിയല്‍ വെന്‍ട്രിക്കുലര്‍ എന്‍ഡോകാര്‍ഡിയല്‍ റീസ്‌റ്റോറേഷന്‍ ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം.
ശസ്ത്രക്രിയയ്ക്കിടെ ഹൃദയം രണ്ടു മണിക്കൂര്‍ നിലപ്പിക്കുകയും പേശികള്‍ മുറിച്ച് ഹൃദയത്തിന്റെ വ്യാസം മൂന്ന് സെമീ ചെറുതാക്കി അവയെ സിന്തെറ്റിക് ഗോറെടെക്‌സ് ടെഫ്‌ളോണ്‍ പാച്ച് ഉപയോഗിച്ച് ഭേദമാക്കുകയുമായിരുന്നു.
വിപിഎസ് ലേക്‌ഷോര്‍ ആസ്പത്രിയിലെ ചീഫ് കണ്‍സള്‍ട്ടന്റും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. മൂസാ കുഞ്ഞിയുടെ നേതൃത്വത്തിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. രണ്ടു മാസം മുമ്പ് ഡയലേറ്റഡ് കാര്‍ഡിയോമയോപതി (ഡിസിഎം) എന്ന രോഗവുമായി ഗുരുതരാവസ്ഥയിലാണ് ഇടുക്കി സ്വദേശിയായ രതീഷ് ആശുപത്രിയിലെത്തിയത്.
ശരിയായി ശ്വാസമെടുക്കാന്‍ കഴിയാത്തതിനാല്‍ ഇരിക്കാനോ കിടക്കാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു രോഗി. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും കാലുകളില്‍ നീരുമുണ്ടായിരുന്നു.
പേശികള്‍ വലിയുന്നതിന്റെ കഠിന വേദനയും അനുഭവിച്ചിരുന്നു. സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി വേഗത്തില്‍ സുഖം പ്രാപിക്കുന്നതായും പമ്പിങ് ശേഷി 23% ആയി വര്‍ധിച്ചതായും ഡോക്ടര്‍ മൂസാ കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കടുത്ത ഹാര്‍ട്ട് ഫെയ്‌ലിയര്‍ മൂലം നടത്തേണ്ടിവരുന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ബദലായി സ്വീകരിക്കാവുന്ന മികച്ച രീതിയാണ് സേവര്‍ ഹൃദയ ശസ്ത്രക്രിയ എന്നാണ് സര്‍ജന്മാരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
പ്രായം, രോഗത്തിന്റെ അവസ്ഥ എന്നിവയെ ആശ്രയിച്ച് നാലു മുതല്‍ 10 ലക്ഷം വരെയാണ് ചികില്‍സാ ചെലവ്. ലേക്‌ഷോറില്‍ താമസിയാതെ ഹാര്‍ട്ട് ഫെയ്‌ലിയര്‍ ചികില്‍സയ്ക്കും ശസ്ത്രക്രിയക്കുമായി അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രത്യേക വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആശുപത്രി സിഇഒ എസ് കെ അബ്ദുല്ല പറഞ്ഞു.

RELATED STORIES

Share it
Top