അപൂര്‍വ രോഗത്തിന് കീഴ്‌പ്പെടാതെ ലത്തീഷ ഐഎഎസിനായി പൊരുതുന്നു

എരുമേലി: മകള്‍ ജനിച്ചത് എല്ലുകള്‍ ഒടിയുന്ന അപൂര്‍വ രോഗവുമായിട്ടാണെന്നറിഞ്ഞ് ഹൃദയം തകര്‍ന്ന അന്‍സാരിയ്ക്ക് ഇന്നലെ ആ മകള്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ആഹ്ലാദം നെഞ്ചില്‍ തിരതല്ലി.എരുമേലി പുത്തന്‍പീടികയില്‍ അന്‍സാരിയുടെയും ജമീലയുടെയും മകള്‍ ലത്തീഷ സിവില്‍ സര്‍വീസ് പഠനത്തിനിടെ പരിശീലനത്തിന്റെ ഭാഗമായി ആദ്യമായി കിട്ടിയ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു കഴിഞ്ഞ ദിവസം. അന്‍സാരിയുടെ ഒക്കത്തിരുന്ന് അവള്‍ എരുമേലി സര്‍വീസ് സഹകരണ ബാങ്കിലെത്തി അക്കൗണ്ടിങ് സെക്ഷനില്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ച് രജിസ്റ്ററില്‍ ഒപ്പിട്ടു.
സന്തോഷം നിറഞ്ഞ് കണ്ണീരായി ഒഴുകുകയായിരുന്നു അപ്പോള്‍ അന്‍സാരിയുടെ മുഖത്ത്. 26 വര്‍ഷം മുമ്പ് ലത്തീഷ ജനിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞ നടുക്കുന്ന സത്യം അന്‍സാരിയുടെ കാതില്‍ നിന്ന് ഒരിക്കലും മായില്ല. ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്ട് എന്ന അസ്ഥികള്‍ ലോപിച്ച് പൊടിയുന്ന അപൂര്‍വ രോഗവും പേറി ജനിച്ച അവള്‍ വളര്‍ന്ന വഴികളിലെല്ലാം തണലായി കൂടെയുണ്ടായിരുന്നു അന്‍സാരിയുടെ സ്‌നേഹവും പരിചരണവും. വീട്ടില്‍ എന്തിനും ഏതിനും അരികില്‍ നിന്ന് മാറാതെ വാല്‍സല്യം ചൊരിഞ്ഞ് അമ്മ കൂടെയുണ്ടാകും.
മരുന്ന് വിധിച്ചിട്ടില്ലാത്ത വൈദ്യശാസ്ത്രത്തിലെ ഈ രോഗത്തിന് ദിവ്യ ഔഷധമായി മാറുകയായിരുന്നു മാതാപിതാക്കളുടെ സ്‌നേഹതണല്‍. കഴിഞ്ഞയിടെ വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നു ലത്തീഷയ്ക്ക്. ഈ ഓപ്പറേഷന്‍ മൂലം സിവില്‍ സര്‍വീസിലെ കടമ്പ താണ്ടാനുളള പരീക്ഷ എഴുതാനായില്ല. ഇനി രണ്ട് മാസത്തിന് ശേഷം തിരുവനന്തപുരത്ത് നടക്കുന്ന പരീക്ഷയില്‍ ഐഎഎസ് എന്ന സ്വപ്‌നം സഫലമാക്കണമെന്ന ദൃഢ നിശ്ചയത്തിലാണ് ലത്തീഷ. ഒന്നമര്‍ത്തി പിടിച്ചാല്‍ നുറുങ്ങുന്ന എല്ലുകളാണ് ലത്തീഷയുടേത്.
26 വയസ്സുണ്ടെങ്കിലും കാഴ്ചയില്‍ 10 വയസുകാരിയാണെന്നേ തോന്നൂ. സ്‌കൂള്‍ തലം മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ സിവില്‍ സര്‍വീസ് പഠനത്തിനും അന്‍സാരിയുടെ ഒക്കത്തിരുന്നായിരുന്നു ലത്തീഷയുടെ യാത്രകള്‍. എരുമേലി സെന്റ് തോമസ് സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. എരുമേലി എംഇഎസ് കോളജില്‍ ബികോം കഴിഞ്ഞ് എംകോം പൂര്‍ത്തിയാക്കിയതെല്ലാം മികച്ച വിജയങ്ങളോടെയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമെത്തുന്ന വേദനയെ മറികടന്ന് കീ ബോര്‍ഡിലൂടെ ഇമ്പമേറിയ പാട്ടുകളുടെ സംഗീതം മുഴക്കാനും ലത്തീഷ എത്തുന്നത് പിതാവിന്റെ ഒക്കത്തിരുന്നാണ്. വിരല്‍ തുമ്പിലെ വിസ്മയം എന്ന പേരിലാണ് ലത്തീഷയുടെ സംഗീത പരിപാടി.
ചിത്ര രചനയിലും ഭിന്ന ശേഷിയുടെ അതിരുകള്‍ താണ്ടുന്ന മികവാണ് ലത്തീഷയുടേത്. വെല്ലുവിളികളെ നേരിടാന്‍ സമൂഹത്തിന് പ്രചോദനമാകുന്നവരുടെ പട്ടികയിലേക്ക് പ്രമുഖ സ്ഥാപനങ്ങള്‍ കഴിഞ്ഞയിടെ ലത്തീഷയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ ഭൂമികാ അവാര്‍ഡ് ലഭിച്ചു.  ഗൈഡന്‍സ് പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്തതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുമെടുത്ത് ചോദ്യോത്തര പരിപാടി നയിക്കുകയും ചെയ്തു. അച്ഛന്റെ കരുതലും അമ്മയുടെ സ്‌നേഹവുമാണ് തന്റെ ഓരോ മികവിന് പിന്നിലും തിളങ്ങുന്നതെന്ന് ലത്തീഷ വിദ്യാര്‍ഥികളോട് വിവരിക്കുമ്പോള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ച് അരികില്‍ ഇരിപ്പുണ്ടായിരുന്നു അന്‍സാരി.  മധുരകരമായ സ്‌നേഹം ആ കണ്ണുകളെ നനക്കുന്നത് കണ്ട് സദസും കണ്ണുകള്‍ നിറഞ്ഞ് കൈയ്യടിക്കുകയായിരുന്നു അപ്പോള്‍.

RELATED STORIES

Share it
Top