അപൂര്‍വ രോഗങ്ങള്‍രോഗനിര്‍ണയത്തിന്റെയും ചികില്‍സയുടെയും മുമ്പില്‍ ശാസ്ത്രം മുട്ടുമടക്കുന്ന ചില അപൂര്‍വ രോഗങ്ങളുണ്ട്. സ്‌പെഷ്യലിസ്റ്റുകള്‍ക്കും വിദഗ്ധ ഭിഷഗ്വരന്‍മാര്‍ക്കും അവയുടെ കാരണം കണ്ടെത്താനാവില്ല. എന്താണു സംഭവിക്കുന്നതെന്നറിയാതെ ബന്ധുക്കള്‍ രോഗിയുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കലയുന്നു. ഈ അപൂര്‍വ രോഗികള്‍ ഇന്ത്യയില്‍ 70 ദശലക്ഷമുണ്ടത്രേ. അമേരിക്കയേക്കാള്‍ എത്രയോ കൂടുതലാണിത്. രോഗങ്ങളില്‍നിന്ന് നമ്മുടെ ശരീരത്തെ പ്രതിരോധിച്ചുനിര്‍ത്തുന്നത് പ്രകൃതിസിദ്ധമായ രോഗപ്രതിരോധ ശക്തിയാണ്. എന്നാല്‍, ജന്മനാ ഈ ശേഷിയില്ലാത്തവരും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നവരും അപൂര്‍വ രോഗങ്ങള്‍ക്ക് ഇരയായിത്തീരുന്നു. അസ്ഥികളിലെ മജ്ജ മാറ്റിവയ്ക്കല്‍പോലുള്ള ആധുനിക രീതികളിലൂടെ ചിലര്‍ക്ക് ഈ അപകടാവസ്ഥ തരണം ചെയ്യാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഇതിനു വലിയ പണച്ചെലവ് വേണ്ടിവരുന്നു. അടുത്ത ബന്ധുക്കളില്‍നിന്നാണ് മജ്ജ സ്വീകരിക്കുന്നതെങ്കിലും 10 ലക്ഷം രൂപ ചെലവുവരും. അതേ സമയം, ബന്ധമില്ലാത്തവരില്‍ നിന്നാണെങ്കില്‍ അതിന്റെ മൂന്നിരട്ടിയാവും. ചിലപ്പോള്‍ ആയിരത്തിലേറെ ആളുകളില്‍ നിന്നുള്ള പ്ലാസ്മ ബ്ലഡ് വേണ്ടിവരും. രക്തബന്ധുക്കള്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ ജനിക്കുന്ന കുട്ടികളിലാണ് രോഗപ്രതിരോധശക്തിയുടെ അഭാവം കണ്ടുവരുന്നത്. സ്വത്ത് പുറത്തുപോവാതിരിക്കാനും കുടുംബാഭിമാനം നിലനിര്‍ത്താനുമൊക്കെയായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഈ മനോഭാവം മാറ്റിയെടുക്കാനാവൂ. അപൂര്‍വ രോഗങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച്, അവയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും രോഗികളെ ഫലപ്രദമായി ചികില്‍സിക്കാനുള്ള മാര്‍ഗങ്ങള്‍ക്കും ഒരു ദേശീയമായ സമീപനം സ്വീകരിക്കുന്നതിന് ആലോചന തുടങ്ങിയിട്ടുണ്ടെന്നതു തന്നെ ആശ്വാസകരം.

RELATED STORIES

Share it
Top