അപൂര്‍വ രോഗം ബാധിച്ച് മൂന്നുപേര്‍ മരിക്കാനിടയായ സംഭവം: പരിശോധന നടത്തി

തേഞ്ഞിപ്പലം: കഴിഞ്ഞ ഒരു മാസത്തിനിടെ   തേഞ്ഞിപ്പലത്ത് അപൂര്‍വ രോഗം ബാധിച്ച് ഉമ്മയും മകനും മറ്റൊരു കുട്ടിയും മരിക്കാനിടയായ സംഭവത്തിന്റെ കാരണം തേടി മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ വൈറോളജി വിദഗ്ധന്‍ അടക്കമുള്ള 15 അംഗ മെഡിക്കല്‍ സംഘം വീട്ടിലെത്തി പരിശോധന നടത്തി. തേഞ്ഞിപ്പലം ആരീപ്പാറക്കടുത്ത് ജനുവരി 11നാണ് 44 വയസ്സുള്ള സ്ത്രീ മരിച്ചത്.  25 ന് സമാന രോഗലക്ഷണത്തോടെ 11 കാരനായ മകനും മരിച്ചു.ഇതേ കാരണത്താല്‍ ആലുങ്ങല്‍ സ്വദേശിയായ നാലരവയസുകാരനും മരണപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മൂവരും മരിച്ചത്. മസ്തിഷ്‌ക ജ്വരം ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജപ്പാന്‍ ജ്വരമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കാരണം കണ്ടെത്തിയിട്ടില്ലെന്നും കൊതുകിന്റേയും മറ്റും സാമ്പിളുകള്‍ പരിശോധനക്കയച്ചതായും വൈറോളജി വിദഗ്ധന്‍ ജി അരുണ്‍ കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള ഡോ: കെ ജെ റീന, ഡോ. എ സുകുമാരന്‍,  കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. അബ്ദുല്‍ ഗഫൂര്‍, ഡോ. പി കെ അസ്‌ലം, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോ. അസ്മ റഹീം, ഡോ. ജെ ലാന്‍സി,  മലപ്പുറം ഡിഎംഒ ഡോ. കെ സക്കീന തുടങ്ങിയ 15 അംഗ സംഘമാണ് പരിശോധനക്കെത്തിയത്.

RELATED STORIES

Share it
Top