അപമാനിച്ചെന്ന്; ഹൈബി ഈഡന്‍ അവകാശലംഘന നോട്ടീസ് നല്‍കി

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സ്ഥലം എംഎല്‍എ ഹൈബി ഈഡനെ സദസ്സിലിരുത്തി അപമാനിച്ചതായി പരാതി. വ്യവസായ പരിശീലന വകുപ്പും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും ചേര്‍ന്ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച 'ഇന്ത്യ സ്‌കില്‍സ് കേരള 2018'ന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോകോള്‍ അനുസരിച്ച് വകുപ്പുമന്ത്രിയായിരിക്കണം അധ്യക്ഷന്‍. സ്ഥലം എംഎല്‍എക്കു വേദിയില്‍ പരിഗണന നല്‍കുകയും വേണം. എന്നാല്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി, വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കടക്കം വേദിയില്‍ ഇരിപ്പിടം നല്‍കി എംഎല്‍എയെ സദസ്സിലിരുത്തുകയാണ് ചെയ്തത്. സംഭവത്തിലെ പ്രോട്ടോകോള്‍ ലംഘനം അന്വേഷിച്ച് നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി. അപമാനിച്ചതില്‍ പ്രതിഷേധിച്ച് പരിപാടി അവസാനിക്കും മുമ്പ് എംല്‍എ ഇറങ്ങിപ്പോയിരുന്നു.

RELATED STORIES

Share it
Top