അപമാനകരം പോലിസിലെഈ അടിമവേല

കേരള പോലിസിന്റെ മുഖം വികൃതമാക്കുന്ന ഒരു പുതിയ സംഭവം കൂടി ഇക്കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ അരങ്ങേറി. ഇത്തവണ പക്ഷേ, ഇര ഒരു പോലിസുകാരന്‍ തന്നെയാണ്. സായുധസേനാ എഡിജിപി സുദേഷ് കുമാറിന്റെ മകളാണ് പോലിസ് ഡ്രൈവറായ ഗവാസ്‌കറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്. മര്യാദകെട്ട പെരുമാറ്റത്തെക്കുറിച്ച് പിതാവായ മേലുദ്യോഗസ്ഥനോട് പരാതി പറഞ്ഞതിന്റെ കണക്കു തീര്‍ത്തതാണത്രേ മകള്‍. ഗവാസ്‌കറെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ ഭീഷണിയടക്കമുള്ള സമ്മര്‍ദങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപോര്‍ട്ട്. ബ്രിട്ടിഷുകാര്‍ ബാക്കിയാക്കിപ്പോയ യജമാന മനോഭാവത്തിന്റെയും പോലിസിലെ ഏമാന്‍മാരുടെ ഫ്യൂഡല്‍ സംസ്‌കാരത്തിന്റെയും പിന്തുടര്‍ച്ചയാണ് സംസ്ഥാനത്തെ പോലിസ് സേനയില്‍ ഇപ്പോഴും തുടരുന്ന ഓര്‍ഡര്‍ലി സമ്പ്രദായം എന്ന പേരിലുള്ള ദാസ്യവൃത്തി. ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥരാണ് സ്വന്തം സേനാംഗങ്ങളെക്കൊണ്ട് ഇങ്ങനെ അടിമവേല ചെയ്യിക്കുന്നതില്‍ കൂടുതലെങ്കിലും കേരള കാഡറിലെ ഐപിഎസുകാരും ഇക്കാര്യത്തില്‍ തീരെ മോശമല്ലെന്നാണ് അനുഭവം. നാട്ടിലെ ക്രമസമാധാനപാലനത്തിനും ഇതര സേവനങ്ങള്‍ക്കും മതിയായത്ര അംഗബലം കേരള പോലിസിന് ഇല്ലെന്നിരിക്കെയാണ് മേലുദ്യോഗസ്ഥരുടെ വീടുകളിലും ക്യാംപ് ഓഫിസുകളിലും കോണ്‍സ്റ്റബിള്‍മാരെ വീട്ടുജോലിക്കു നിയോഗിക്കുന്നത്. ഇതിനെതിരേ പോലിസ് ആക്ടില്‍ തന്നെ വ്യവസ്ഥയുണ്ടെങ്കിലും അതാരും പരിഗണിക്കാറില്ല. ഒരു പരിധിവരെ പോലിസുകാരും ഈ സമ്പ്രദായം തുടരുന്നതിനു കൂട്ടുനില്‍ക്കുകയാണെന്നു പറയേണ്ടിവരും. സ്റ്റേഷന്‍ ഡ്യൂട്ടിക്കും പതിവുജോലികള്‍ക്കുമില്ലാത്ത ഒരുപാട് സൗകര്യങ്ങള്‍ ഓര്‍ഡര്‍ലിക്കാര്‍ക്കുണ്ട്. പുറമേ ഏമാന്‍മാരെ മണിയടിക്കാനും കാര്യങ്ങള്‍ നേടാനുമുള്ള എളുപ്പവഴി കൂടിയാണ് ഈ രീതി. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് പോലിസുകാരുടെ സംഘടനകള്‍ പോലും ഇക്കാര്യത്തില്‍ മൗനമവലംബിക്കുന്നത്. ഉന്നതോദ്യോഗസ്ഥരുടെ മാത്രമല്ല, അവരുടെ ഭാര്യമാരുടെയും മക്കളുടെയും ബന്ധുക്കളുടെയും ഉത്തരവുകള്‍ അക്ഷരംപ്രതി അനുസരിക്കേണ്ടിവരുന്നു ഓര്‍ഡര്‍ലി ജോലി ചെയ്യുന്ന ഹതഭാഗ്യര്‍ക്ക്. അതിനു പുറമേയാണ് അസഭ്യവര്‍ഷവും മര്‍ദനവും മറ്റു നടപടികളും. അച്ചടക്കത്തിന്റെ പേരിലും പ്രതികാര നടപടി ഭയന്നും പലരും മൗനം പാലിക്കുന്നുവെന്നു മാത്രം.ക്യാംപ് ഫോളോവേഴ്‌സിനെ കൊണ്ടും അടിമവേല ചെയ്യിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. വളര്‍ത്തുനായയെ പരിപാലിക്കുക, അവയ്ക്കു തീറ്റ വാങ്ങുക തുടങ്ങിയ സേവനങ്ങളാണ് ക്യാംപ് ഫോളോവേഴ്‌സിന്റെ ഡ്യൂട്ടികള്‍. ക്യാംപിലെ സേനാംഗങ്ങളുടെയും മേലുദ്യോഗസ്ഥരുടെയും മുടി വെട്ടാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ സര്‍ക്കാര്‍ച്ചെലവില്‍ നിയമിച്ചിട്ടുള്ളവര്‍ പോലിസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ പണിയെടുക്കുന്ന സമ്പ്രദായം തുടരുന്നു. 2000 പോലിസുകാരെങ്കിലും ദാസ്യവൃത്തി ചെയ്യുന്നുണ്ടത്രേ. മാസംതോറും എട്ടു കോടി രൂപയാണ് ഇതിനു ചെലവഴിക്കുന്നത്. വിദ്യാസമ്പന്നരായ നിരവധി യുവാക്കള്‍ സേനയില്‍ എത്തിയിട്ടും ഈ ദാസ്യവൃത്തിക്ക് അറുതിവരാത്തതിനു കാരണം അങ്ങേയറ്റത്തെ സാംസ്‌കാരിക അധമത്വം തന്നെയാവണം.

RELATED STORIES

Share it
Top