അപകീര്‍ത്തി : വോട്ടിങ് യന്ത്രവും കോടതിയിലേക്ക്മൂന്നാറോ മുത്ത്വലാഖോ ജസ്റ്റിസ് കര്‍ണന്റെ തമാശകളോ അല്ല ഇപ്പോഴത്തെ പ്രധാന സംസാരവിഷയം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഒരു പ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു എന്നതാണ് മഹാഭാരതത്തിലെ തമാശ. ച്ചാല്‍ വോട്ടിങ് യന്ത്രത്തില്‍ എമ്പാടും കൃത്രിമം നടത്താനാവുമെന്ന് പ്രതിപക്ഷം. അയ്യയ്യേ എന്താണീ പറയുന്നതെന്ന് ഭരണപക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷനും. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ “മഹാവിജയം’ വോട്ടിങ് യന്ത്രത്തിന് വിശുദ്ധ താമര തീറ്റയായി കൊടുത്തതുകൊണ്ടാണെന്ന് പ്രതിപക്ഷത്തിന് ഉറപ്പുണ്ട്. ഡല്‍ഹിയിലെ കെജ്‌രി മാമനാണ് ഇക്കാര്യത്തില്‍ ഒരടി മുന്നില്‍. മഹാരാഷ്ട്ര-ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും താമരപ്രയോഗം ഏറ്റിട്ടുണ്ട്. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ താമരപ്രയോഗം ചെറുക്കാന്‍ വോട്ടിങ് യന്ത്രത്തില്‍ കടലാസ് തിരുകണം. താന്‍ താമരചിഹ്നത്തിലല്ല കുത്തിയതെന്ന് അങ്ങനെ വോട്ടര്‍ക്ക് ബോധ്യപ്പെടണം. അല്ലെങ്കില്‍ ഈ കുന്ത്രാണ്ടം കുപ്പക്കുഴിയിലേക്കു വലിച്ചെറിഞ്ഞ് പഴയ മനോഹരമായ ബാലറ്റ്‌പേപ്പര്‍ തിരിച്ചുകൊണ്ടുവരണം. കെജ്‌രി അടക്കമുള്ള പാവപ്പെട്ട ആം ആദ്മികളുടെ മിനിമം ഡിമാന്‍ഡ് അതു മാത്രമാണ്. അതങ്ങ് പള്ളിയിലോ അമ്പലത്തിലോ പോയി കൂകിയാല്‍ മതിയെന്നാണ് വെള്ളത്താടിയും കരിന്താടിയുമുള്ള മോദി-അമിതന്‍ ദ്വന്ദ്വവും നാഗ്പൂരിലെ കാക്കി-കുറുവടി ഏമാന്മാരും പെരുമ്പറയടിക്കുന്നത്.  കള്ളിലും കറുപ്പിലും മായം ചേര്‍ക്കാമെങ്കില്‍ വോട്ടിങ് യന്ത്രത്തിലാണോ വെടക്കാക്കല്‍ നടക്കാത്തത് ബലാലേ? ചില തുരപ്പന്‍പണി ചെയ്താല്‍ വോട്ട് ഒന്നടങ്കം താമരയിലേക്കു മറിയും. പ്രതിപക്ഷം ചപ്ലീസാവും. ഈ സത്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലെന്ന് കെജ്‌രിയും അഴിമതി തീരെ ഇല്ലാത്ത കോണ്‍ഗ്രസ്സും ചോദിക്കുന്നു. ഈ തത്ത്വം പഞ്ചാബിനും ബാധകമാക്കിക്കൂടേ എന്ന് നാഗ്പൂര്‍ കളിക്കാര്‍ക്കുവേണ്ടി വെങ്കയ്യന്‍ എന്ന ബഡാ നായിഡു ചോദിച്ചത് ജസ്റ്റിസ് കര്‍ണന്റെ ബഡാ തമാശയ്ക്കിടയില്‍ മുങ്ങിപ്പോയി. പഞ്ചാബിലൊഴിച്ച് മിക്കയിടത്തും കൃത്രിമം നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സിനറിയാം. പഞ്ചാബില്‍ അമരീന്ദര്‍സിങ് എന്ന പട്ടാളക്കാരന്‍ തോക്കേന്തി ജാഗ്രത കാണിച്ചതുകൊണ്ടു മാത്രം താമരത്തീറ്റ നടന്നില്ല. മഹാ കൈപ്പത്തികൊണ്ട് തീറ്റ തടയാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞു. അങ്ങനെ അവിടെ ജനാധിപത്യം രക്ഷപ്പെട്ടു. അതിനാല്‍ കൈപ്പത്തി ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ രാഷ്ട്രധര്‍മം. മാനവധര്‍മവും അതുതന്നെയാണെന്ന് പ്രത്യേകം പറയേണ്ടതുമുണ്ട്. എന്നാല്‍, വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ അതുണ്ടാക്കിയവനോ സാക്ഷാല്‍ പടച്ചതമ്പുരാനോ കഴിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കട്ടായം. കെജ്‌രിയും കോണ്‍ഗ്രസ്സും കുരുട്ടുബുദ്ധികൊണ്ട് വാള്‍ വീശി വന്നാലൊന്നും ഈ കമ്മീഷന്‍ കുലുങ്ങില്ല. ഇത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ്. സോമാലിയന്‍ കമ്മീഷനല്ല ബലാലേ. കെജ്‌രിയുണ്ടോ വിടുന്നു. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി വോട്ടിങ് യന്ത്രത്തിന് എങ്ങനെ തുരപ്പനാവാമെന്ന സെമിനാര്‍ നടത്തി. ബഹളം വച്ച സംഘി നേതാവിനെ മാര്‍ഷലുകള്‍ പുറത്താക്കിയതോടെയാണ് യന്ത്രത്തെ കീറിമുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്. വോട്ടിങ് യന്ത്രത്തില്‍ ഒരു തുരപ്പന്‍ കോഡ് സ്ഥാപിച്ച് വോട്ടുകള്‍ അടിച്ചുമാറ്റാമെന്ന് ആം ആദ്മി എംഎല്‍എ ആയ ഒരു വിദഗ്ധന്‍ തെളിയിച്ചു. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിക്കുന്നു: “”വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാവില്ല മക്കളേ. കെജ്‌രിയുടെ യന്ത്രപരിശോധന പറ്റിക്കലാണ് മക്കളേ. ആ വെട്ടില്‍ ജനാധിപത്യവാദികള്‍ വീഴില്ല മക്കളേ. ഓം... ഹ്രീം...’’അപ്പോള്‍ കെജ്‌രിയും ആം ആദ്മികളും കമ്മീഷനോട് ഇങ്ങനെ ചോദിക്കുന്നു: “”കമ്മീഷന്റെ പക്കലുള്ള വോട്ടിങ് യന്ത്രങ്ങള്‍ കോണാട്ട് പ്ലേസില്‍ കൊണ്ടുവയ്ക്ക്. പട്ടാപ്പകല്‍ അവനെ നിര്‍ത്തിപ്പൊരിച്ച് സത്യം തെളിയിക്കാം.’’അപ്പോള്‍ കമ്മീഷന്‍ സാരോപദേശരൂപേണ പറയുന്നു: “”പ്രിയപ്പെട്ട കെജ്‌രി, ഡല്‍ഹിയില്‍ തോറ്റതിന്റെ കാരണത്തെക്കുറിച്ച് ആത്മപരിശോധന നടത്തൂ! അതാ കപില്‍മിശ്ര പുതിയ ആരോപണവുമായി തോക്കോടെ ഒാടിവരുന്നു.’’കെജ്‌രി: “”വോട്ടിങ് യന്ത്രത്തിലെ കൃത്രിമം...’’ കമ്മീഷന്‍: “”അരുമയാര്‍ന്ന വോട്ടിങ് യന്ത്രത്തെക്കുറിച്ച് ഇനി അപഖ്യാതി പറഞ്ഞാല്‍ യന്ത്രം തന്നെ സുപ്രിംകോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കും.’’ അയ്യോ എന്ന നിലവിളിയോടെ കെജ്‌രി നിലംപതിക്കുന്നു. അതോടെ വോട്ടിങ് യന്ത്ര വിവാദത്തിന്റെ ഒന്നാംഘട്ടവും അവസാനിക്കുന്നു. രണ്ടാംഘട്ടം സര്‍വകക്ഷി യോഗത്തിനുശേഷം തുടങ്ങുന്നതായിരിക്കും.                                                   ി

RELATED STORIES

Share it
Top