അപകട യാത്രയ്ക്ക് പരിഹാരമാവുന്നു; പാലം, റോഡ് നിര്‍മാണം പൂര്‍ത്തിയായി

ബദിയടുക്ക: മധൂര്‍-ബദിയടുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ഇരു വശവും ഇറക്കമുള്ളതുമായ റോഡിറങ്ങി കുഴിയിലുള്ള പാലത്തില്‍ കൂടിയുള്ള അപകട യാത്രക്ക് പരിഹാരമാകുന്നു. ബദിയടുക്ക പഞ്ചായത്തിലെ പതിനാറ്, പതിനെട്ട് വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന കുറത്തിക്കുണ്ടിലെ അപകടാവസ്ഥയിലായിരുന്ന പഴയ പാലം മാറ്റി പുതിയ പാലത്തിന്റെയും മെക്കാഡം അപ്രോച്ച് റോഡിന്റെയും പണി പൂര്‍ത്തിയായതോടെ ഇതു വഴിയുള്ള യാത്ര സുഗമമാവുകയാണ്.
ഇറക്കത്തിലുണ്ടായിരുന്ന 40 വര്‍ഷം പഴക്കമുള്ള വീതി കുറഞ്ഞ പാലം മാറ്റി മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള പുതിയ പാലമാണ് പണിതത്.
പാലത്തിന്റെ പണി മൂന്ന് മാസം മുമ്പ് കഴിഞ്ഞു. നീര്‍ച്ചാല്‍, കുഞ്ചാര്‍, കുറത്തിക്കുണ്ട്, കോട്ടക്കണ്ണി, പടഌ മധൂര്‍ വഴി വിദ്യാനഗര്‍, കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന റോഡാണിത്. കുഞ്ചാര്‍ സ്‌കൂള്‍ പരിസരത്ത് നിന്നും നീര്‍ച്ചാല്‍ വരെയുള്ള നാല് കി.മീറ്റര്‍ റോഡാണ് മെക്കാഡം പ്രവൃത്തി പൂര്‍ത്തിയായത്.
മുമ്പ് മൂന്ന് മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് ഇപ്പോള്‍ അഞ്ച് മീറ്ററാക്കിയാണ് നവീകരിച്ചത്. ഓവു ചാലുകളും പാര്‍ശ്വഭിത്തിയും പണിതിട്ടുണ്ട്. മുമ്പില്‍ വരുന്ന വാഹനങ്ങളെ കാണാത്തതും ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്തതുമായ ഈ പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മധൂര്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍ണാടകയില്‍ നിന്നുള്ള യാത്രക്കാര്‍ സഞ്ചരിച്ച ജീപ്പ് വളവ് വ്യക്തമാകാതെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.
നിലവില്‍ ഒരു സ്വകാര്യ ബസും ഒരു കെഎസ്ആര്‍ടിസി ബസും ഇതിലൂടെ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങുന്നത് പതിവാണെന്ന ആരോപണമുണ്ട്.

RELATED STORIES

Share it
Top