അപകട കേന്ദ്രമായി മുട്ടം

ആലുവ: രണ്ട് മാസം മുമ്പ് നടന്ന അപകടത്തിന്റെ ഞെട്ടല്‍ ഒടുങ്ങുന്നതിന് മുന്‍പേ നടന്ന അപകടം മുട്ടം നിവാസികള്‍ക്ക് ഭീതി വിതയ്ക്കുന്നു. ആലുവ എറണാകുളം ദേശീയപാതയിലെ മുട്ടം തൈക്കാവ് ജങ്ഷനില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് നാട്ടുകാര്‍ക്ക് ഞെട്ടലായത്. രണ്ടുമാസം മുന്‍പ് മെട്രോ നിര്‍മാണ ജോലിക്കിടെ രാത്രിയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് കളമശ്ശേരി എച്ച്എംടി കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സേനാ ചന്ദ്ര സുര്യകാന്ത് (32), ബബലു മസീഹ് (42), ഉമേശ് (23) എന്നിവര്‍ മരിച്ചത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന യുപി സ്വദേശിയായ ഇന്ത്രദേവ് ഗുരുതര പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ ഭാഗത്തെ വെളിച്ചക്കുറവ് മൂലം അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറിയാണ് തൊഴിലാളികളെ ഇടിച്ചു വീഴ്ത്തിയത്. അപകട ശേഷം നിര്‍ത്താതെ പോയ ലോറി സിസിടിവി ദൃശ്യത്തെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ നടന്ന അപകടത്തില്‍ കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ അച്ചനും മകനും ബന്ധുവും ആണ് മരണപ്പെട്ടത്. തളവനാട്ട് രാജേന്ദ്രപ്രസാദ് (60), മകന്‍ അരുണ്‍ (32), രാജേന്ദ്രപ്രസാദിന്റ മരുമകന്റെ പിതാവ് ചന്ദ്രന്‍നായര്‍ (63) എന്നിവരാണ് മരിച്ചത്. രാജേന്ദ്രപ്രസാദിന്റ മരുമകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലയച്ച ശേഷം വീട്ടിലേക്ക് വടങ്ങവെ മുട്ടം തൈക്കാവ് ഭാഗത്തെ യൂ ടേണ്‍ തിരിയുന്ന ഭാഗത്തെ മീഡിയനില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് തൂണില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിക്കുന്നു. അപകട കേന്ദ്രമായ ഈ ഭാഗം അധികൃതര്‍ ശ്രദ്ധിക്കാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമായത്. ഈ ഭാഗത്ത് റോഡില്‍ അപകടസൂചന ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

RELATED STORIES

Share it
Top