അപകടമരണം അന്വേഷിക്കണമെന്ന് വനിതാ കമ്മീഷന്‍ നിര്‍ദേശം

മലപ്പുറം: എട്ടുവര്‍ഷം മുമ്പ് നടന്ന അപകടമരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വനിതാകമ്മീഷന്‍. എടക്കര സ്വദേശിയായ വിധവയുടെ പരാതിയിലാണ് നടപടി. എട്ടുവര്‍ഷം മുമ്പാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചത്. മരണശേഷം സഹോദരന്‍ ഹാജരാക്കിയ ഭാഗപത്രത്തില്‍ ഒന്നര ഏക്കര്‍ ഭൂമി അയാളുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്. 35 വയസ്സുള്ളപ്പോഴാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് അപകടത്തില്‍ മരിക്കുന്നത്.
35 വയസ്സുള്ളപ്പോള്‍ ഒരാള്‍ ഭാഗപത്രം എഴുതിവച്ചു എന്നതില്‍ അസ്വാഭാവികതയുണ്ട്. മരണം സംബന്ധിച്ച് തന്നെ ദുരൂഹത ഏറുന്നതിന് ഇത് കാരണമാവുന്നുവെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. ഭാഗപത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച മറ്റൊരു കേസ് മഞ്ചേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 86 പരാതികളാണ് വന്നത്. 22 എണ്ണം തീര്‍പ്പാക്കി. 11 എണ്ണത്തില്‍ റിപോര്‍ട്ട് തേടി. എതിര്‍കക്ഷികളുടെ മേല്‍വിലാസം കൃത്യമല്ലാത്തതിനാല്‍ പല കേസുകളും മാറ്റിവയ്‌ക്കേണ്ടിവരുന്നുവെന്ന് വനിതാകമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. വനിതാകമ്മീഷന്‍ എസ്‌ഐ രമ, അഭിഭാഷകരായ കെ ബീന, രാജേഷ് പുതുക്കാട്, പ്രീതി ശിവരാമന്‍, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം സി സരള, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആസ്യ എന്നിവര്‍  പങ്കെടുത്തു.

RELATED STORIES

Share it
Top