അപകടഭീഷണിയായി മറ്റതെറ്റ പാലം; അനക്കമില്ലാതെ അധികൃതര്‍

മാള: അന്നമനട ഗ്രാമപഞ്ചായത്തിലുള്ള മാമ്പ്ര പൊതുമരാമത്ത് റോഡിലെ മറ്റതെറ്റ പാലം അപകട ഭീഷണിയിലായിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. മറ്റതെറ്റ പാലത്തിന്റെ ഒരു വശം തകര്‍ന്ന നിലയിലാണ്.
കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്നതോടെ പാലം ഏത് നിമിഷവും നിലം പൊത്താവുന്ന സാഹചര്യമാണുള്ളത്. ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന്‌പോകുന്ന മറ്റതെറ്റ പാലത്തിന്റെ അപകട ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇവിടെ ഫ്‌ലക്‌സ് ബോര്‍ഡുകളും ടാറിംഗ് വീപ്പകളും സ്ഥാപിച്ചിട്ടുണ്ട്. അന്നമനട ഗ്രാമപഞ്ചായത്ത് അധികൃതരുടെ അഭ്യര്‍ഥന പ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
വാളൂരില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുകുന്ന തോടിന് കുറുകെയാണ് മറ്റതെറ്റ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ചാലക്കുടി പുഴയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതോടെ തോട്ടിലേക്ക് വെള്ളം തിരിച്ചൊഴുകിയതോടെയാണ് പാലത്തിന്റെ കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റതെറ്റ പാലം പുനര്‍നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top