അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഹരിപ്പാട്: മാരുതി സിഫ്റ്റ് കാറും. എന്‍ഫീല്‍ഡ് ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചെങ്കിലും വന്‍ ദുരന്തം ഒഴിവായി. ചേപ്പാട് വന്ദികപ്പള്ളി അനസ് വില്ലയില്‍ അഷ്‌റഫിന്റെ മകന്‍ ഉനൈസ് അഷ്‌റഫ് (27) നാണ് പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപം ഇന്നലെ രാവിലെ 11 നായിരുന്നു അപകടം.
വടക്കുനിന്നും തെക്ക് ദിശയിലേക്ക് വരുകയായിരുന്ന സിഫ്റ്റ് കാറും, എതിര്‍ ദിശയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ ഉനൈസ് സമീപത്തെ പാലത്തിന്റെ താഴെയുള്ള കരിങ്കല്‍ ഭിത്തിയില്‍ തലയടിച്ച് വീഴുകയായിരുന്നു.
നാട്ടുകാര്‍ യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബാറ്ററി ഭാഗത്തു നിന്നും പെട്രോള്‍ ടാങ്കിന് സമീപത്തേക്ക് സ്പാര്‍ക്കിങ് ഉണ്ടായതിനെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു. കാര്‍ ഡ്രൈവര്‍ പുറത്തേക്ക് ചാടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

RELATED STORIES

Share it
Top