അപകടത്തില്‍ മരിച്ച ശമറുദ്ദീന് നാടിന്റെ യാത്രാമൊഴി

ഉരുവച്ചാല്‍: നെല്ലൂന്നിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മരിച്ച ശിവപുരം മൊട്ടമ്മല്‍ കല്ലംമാണി വീട്ടില്‍ ഒ കെ ശമറുദ്ദീന് നാടിന്റെ യാത്രാമൊഴി. പാനൂരിലെ ഫൂട്‌വെയര്‍ ഷോപ്പിലെ ജീവനക്കാരനായ യുവാവ് ജോലി കഴിഞ്ഞ് ഭാര്യയ്ക്കും പിഞ്ചുമകനും പുതുവസ്ത്രം വാങ്ങാന്‍ ഞായറാഴ്ച രാത്രി മട്ടന്നൂരിലേക്ക് ബൈക്കില്‍ പോകവെ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ശമറുദ്ദീനെയും ആകാശിനെയും ഗോകുലിനെയും ആശുപത്രിയില്‍ എത്തിക്കാന്‍ ആദ്യമാരും ശ്രമിച്ചിരുന്നില്ല. ആള്‍സഞ്ചാരം കുറഞ്ഞ സ്ഥലത്തായിരുന്നു അപകടം. അതുവഴി കടന്നുവന്ന വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരും സ്ഥലത്ത് കൂടിനിന്നവരും മൂകസാക്ഷികളായി നോക്കിനിന്നു. 20 മിനുട്ട് കഴിഞ്ഞപ്പോഴേക്കും രക്തം വാര്‍ന്ന് അവശനിലയിലായ ശമറുദ്ദീന്‍ കണ്ണൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. ഇന്നലെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജനാസ ഉച്ചയോടെ ശിവപുരം മൊട്ടമ്മല്‍ ജുമാ മസ്ജിദില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് പരേതന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. വൈകീട്ട് നാലോടെ ശിവപുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പി കെ ശ്രീമതി എംപി, മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ പുരുഷോത്തമന്‍, മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, ഇ പി ശംസുദ്ദീന്‍, ഫാറൂഖ്, വി സി റസാഖ്, റഫീഖ് ബാവോട്ടുപാറ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

RELATED STORIES

Share it
Top