അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് 15 വയസ്സുകാരന്‍

പട്ടാമ്പി: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരണത്തോട് മല്ലടിച്ച് റോഡില്‍ ഏറെ നേരം കിടന്നിട്ടും രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങാത്ത മുതിര്‍ന്നവര്‍ക്ക് മാതൃകയായി 15 കാരന്‍. ശനിയാഴ്ച വൈകീട്ട് കൊപ്പം സെന്ററില്‍ നടന്ന അപകടത്തില്‍ രക്തം വാര്‍ന്ന് റോഡില്‍ കിടന്ന വഴിയാത്രക്കാരനെ ആള്‍കൂട്ടം അവഗണിച്ചപ്പോള്‍ കട്ടുപാറ സ്വദേശിയും വിദ്യാര്‍ഥിയുമായ അനസാണ് ആശുപത്രിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്.  നെല്ലായ പെരുമ്പിലായ സ്വദേശി മരക്കാറിനെ (48) കൊപ്പം സെന്ററില്‍ ടിപ്പര്‍ ലോറി ഇടിക്കുക്കുകയായിരുന്നു.
ഓടിക്കൂടിയ ആള്‍ക്കൂട്ടത്തിലാരും തന്നെ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സഹായമെത്തിയില്ല. കൊപ്പം സെന്ററില്‍ ട്യൂഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ അനസ് കാര്യമറിയാന്‍ സംഭവസ്ഥലത്തെത്തിയതായിരുന്നു.
പിന്നെ ഒന്നും ആലോചിച്ചില്ല. പരുക്കേറ്റയാളെ ഓട്ടോറിക്ഷയിന്‍ കയറ്റി തൊട്ടടുത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. സഹായത്തിന് സമാന പ്രായക്കാരനായ വള്ളൂര്‍ സ്വദേശിയും കൂടെ എത്തി. പ്രാഥമിക ചികില്‍സക്ക് ശേഷം ആംബുലന്‍സില്‍ നേരെ പട്ടാമ്പിയിലേക്ക്.
ഇതിനിടയില്‍ ആമയൂരിലെത്തിയപ്പോഴെക്കും പരിക്കേറ്റയാള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. മനസാന്നിധ്യം കൈവിടാതെ സേവന ആശുപത്രയിലെത്തിച്ചു. ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. ഒരു പക്ഷേ, അപകടം നടന്നയുടന്‍ ആരെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു.

RELATED STORIES

Share it
Top