അപകടത്തില്‍ ചെവി നഷ്ടമായി; കൈത്തണ്ടയില്‍ വളര്‍ത്തിയ ചെവി വച്ചുപിടിപ്പിച്ചു

വാഷിങ്ടണ്‍: രണ്ടുവര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ചെവി നഷ്ടപ്പെട്ട സൈനികയ്ക്ക്, സ്വന്തം കൈത്തണ്ടയില്‍ വളര്‍ത്തിയ ചെവി വച്ചുപിടിപ്പിച്ചു. യുഎസിലാണ് സംഭവം. ടെക്‌സസില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു പുറത്തേക്കു വലിച്ചെടുക്കുന്നതിനിടെ ആയിരുന്നു ഷമിക ബുറാഗെ എന്ന സൈനികയ്ക്ക് ഒരു ചെവി നഷ്ടമായത്.
നഷ്ടപ്പെട്ട ചെവിക്കു പകരം പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നത് സുരക്ഷിതമല്ലെന്നു തോന്നിയതിനാലാണ് ഷമിക ചെവി പുനര്‍നിര്‍മിക്കുന്ന ചികില്‍സ തേടിയത്. ഷമികയുടെ തരുണാസ്ഥി ഉപയോഗിച്ച് അവരുടെ കൈത്തണ്ടയിലെ ത്വക്കിനടിയില്‍ ചെവി വളര്‍ത്തിയെടുക്കുകയും അത് ശസ്ത്രക്രിയയിലൂടെ തലയില്‍ വച്ചുപിടിപ്പിക്കുകയുമായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ചെവി പുനര്‍നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എല്‍ പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഷമിക കേള്‍വിശക്തി വീണ്ടെടുത്തതായും ശസ്ത്രക്രിയ വിജയമായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top