അപകടത്തില്‍പ്പെട്ട യുവാക്കള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു

വേങ്ങര: റോഡിന്റെ ശോച്യാവസ്ഥ കാരണം അപകടത്തില്‍പെട്ട യുവാക്കള്‍ നാലു മണിക്കൂറോളം റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കണ്ണാട്ടിപ്പടി സ്വദേശികളായ കൊട്ടേക്കാട്ട് മുഹമ്മദ് യാസീന്‍ (26), മാണിത്തൊടിക ശിബിലി (26) എന്നിവരാണ് പ്രതിഷേധത്തിന്റെ പുതിയമുഖം തുറന്നത്.
കച്ചേരിപ്പടി-കക്കാടംപുറം റോഡില്‍ കച്ചേരിപ്പടിക്കും കണ്ണാട്ടിപ്പടിക്കും ഇടയില്‍ ഇല്ലക്കല്‍ അരികില്‍ റോഡിലെ വെള്ളക്കെട്ടില്‍ വീണാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ക്കു പരിക്കുപറ്റിയത്. നാട്ടുകാര്‍ ഓടിയെത്തി യുവാക്കളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ എണീക്കാന്‍ തയ്യാറായില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള തീരുമാനമുണ്ടാവാതെ ആശുപത്രിയില്‍ പോവാന്‍ തയ്യാറല്ലെന്നും ഇവര്‍ അറിയിച്ചു. നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പഞ്ചായത്ത് അംഗങ്ങളായ പി അച്യുതന്‍, എ കെ നഫീസ എന്നിവരും വിവിധ രാഷ്ട്രിയ സംഘടനാ പ്രതിനിധികളും സ്ഥലത്തെത്തി യുവാക്കളോട് സംസാരിച്ചെങ്കിലും ഇവര്‍ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് വേങ്ങര എസ്‌ഐ സംഗീത് പുനത്തില്‍ പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതര്‍ എന്നിവരുമായി സംസാരിച്ചു. വൈകീട്ട് നാലോടെ സമരം അവസാനിപ്പിച്ചു.
ഇതു സംബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് നാലിന് പഞ്ചായത്ത് ഹാളില്‍ അധികൃതര്‍ പങ്കെടുത്ത് ചര്‍ച്ച ചെയ്യുമെന്ന് യുവാക്കള്‍ക്ക് എസ്‌ഐ ഉറപ്പുകൊടുത്തു.
പലപ്പോഴായി ഇവിടെ അപകടങ്ങള്‍ നടന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കരിപ്പൂരില്‍നിന്നു ചങ്കുവെട്ടിയിലേക്ക് എളുപ്പമാര്‍ഗം കൂടിയായ റോഡിലെ കച്ചേരിപ്പടി-കക്കാടംപുറം ഭാഗം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ രണ്ടു കോടി രൂപ നീക്കിവച്ചിരുന്നു. എന്നാല്‍, പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല.

RELATED STORIES

Share it
Top