അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച് മന്ത്രി വി എസ് സുനില്‍കുമാര്‍

അഞ്ചല്‍: എംസി റോഡില്‍ വാളകത്തിന് സമീപം അപകടത്തില്‍പ്പെട്ട സ്ത്രീയെയും, കുട്ടിയെയും ആശുപത്രിയില്‍ എത്തിച്ച് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ മാതൃകയായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വാളകത്തിന് സമീപമാണ് സംഭവം. വാളകത്ത് നിന്നും മരങ്ങാട്ടുകോണത്തെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയെയും, മകനെയുമാണ് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള അജ്ഞാത വാഹനം ഇടിച്ച് നിര്‍ത്താതെ പോയത്. മരങ്ങാട്ടുകോണം കുരയില്‍ പ്ലാവിള വീട്ടില്‍ മധു മാത്യുവിന്റെ ഭാര്യ മിനി മാത്യുവിനാണ് അപകടം സംഭവിച്ചത്. ഈ സമയം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മന്ത്രി സുനില്‍ കുമാര്‍ റോഡരുകില്‍ അപകടത്തില്‍പ്പെട്ട വാഹനം കാണുന്നത്. ഉടന്‍ തന്നെ മന്ത്രി വാഹനം നിര്‍ത്തി അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രണ്ടു മണിക്കൂറോളം ആശുപത്രിയില്‍ ഉണ്ടായിരുന്ന മന്ത്രി അപകടം വരുത്തിയ വാഹനം ഉടന്‍ കണ്ടെത്താന്‍ പോലിസിന് നിര്‍ദേശം നല്‍കി. സ്ത്രീയുടെ കൈയ്യില്‍ രണ്ടോളം ഒടിവ് ഉള്ളതിനാല്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ആംബുലന്‍സില്‍ വെഞ്ഞാറുമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കുട്ടിയെ മന്ത്രിയുടെ തന്നെ വാഹനത്തില്‍ ആശുപത്രിലെത്തിച്ച് ചികില്‍യ്ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയാണ് മടങ്ങിയത്.

RELATED STORIES

Share it
Top