അപകടങ്ങള്‍ വിളിച്ചുവരുത്തി പത്തനംതിട്ട നഗരത്തിലെ നടപ്പാതകള്‍

പത്തനംതിട്ട: നഗരത്തില്‍ റോഡുകളിലെ ഓടകള്‍ക്ക് മൂടിയില്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.  പ്രധാനമായും സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ കലക്ടറേറ്റ് പടിക്കല്‍ വരെയുള്ള ഓടകളാണ് മൂടിയില്ലാതെ തുറന്നു കിടക്കുന്നത്. ഏകദേശം പത്തോളം ഭാഗത്ത് മൂടി തുറന്ന് കിടക്കുന്നു.
ഓടകള്‍ക്കു മുകളില്‍ സ്ലാബിട്ട് വഴിയാത്രികര്‍ക്കുള്ള നടപ്പാത ഒരുക്കിയിരിക്കുന്നതിനാല്‍ ആളുകള്‍ വീണു പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. പലയിടത്തും സ്ലാബിളകി തുറന്നു കിടക്കുന്ന അവസ്ഥയാണുള്ളത്.
സന്ധ്യകഴിഞ്ഞാല്‍ ചിലയിടങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ ഓട തുറന്നത് കാണാനും കഴിയില്ല. കലക്ടറേറ്റ്, ജനറല്‍ ആശുപത്രി തുടങ്ങി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന റോഡായതിനാല്‍ പ്രധാനമായും നടപ്പാതയാണ് ആളുകള്‍ ആശ്രയിക്കുന്നത്.
ഓടകളുടെ സ്ലാബ് ഇളകിയ ഭാഗത്ത് മാലിന്യം തള്ളുന്നതും വ്യാപകമായിട്ടുണ്ട്. ഇതുമൂലം മലിന ജലം കെട്ടികിടന്ന് ദുര്‍ഗന്ധവും രൂക്ഷമായി. മഴക്കാലം തുടങ്ങുന്നതോടെ മലിന ജലം ഓട നിറഞ്ഞ് റോഡിലേക്ക് ഒഴുകാനും സാധ്യത ഏറെയാണ്. ഓടകളുടെ ഇളകി മാറിയ സ്ലാബുകള്‍ എത്രയുംവേഗം മൂടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നഗരസഭാ അധികൃതര്‍ ശ്രമിക്കണമെന്ന ആവശ്യം ശക്തമാണ്.

RELATED STORIES

Share it
Top