അപകടക്കെണിയൊരുക്കി ബസ് കാത്തിരിപ്പ് കേന്ദ്രം

കൂത്തുപറമ്പ്: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ കോട്ടയം പുറക്കളം പോസ്റ്റോഫിസ് ബസ് കാത്തിരിപ്പു കേന്ദ്രം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി നില്‍ക്കുകയാണ്. റോഡില്‍നിന്ന് വലിയ കുഴി കടന്നുവേണം അകത്തുകയറാന്‍. കയറിയാലോ, പൊട്ടിത്തകര്‍ന്ന തറ. മൂന്നുഭാഗത്തും സ്ഥാപിച്ചിരുന്ന ഭിത്തികള്‍ തകര്‍ന്നുകിടക്കുന്നു. തറ വിള്ളല്‍ വീണ് അപകടാവസ്ഥയില്‍. മേല്‍ക്കൂരയാണെങ്കില്‍ കാറ്റടിച്ചാല്‍ പറന്നുപോകുന്ന നിലയിലും. സേലം ജയില്‍ രക്തസാക്ഷികളുടെ പേരില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പക്ഷെ, പാര്‍ട്ടിക്കാര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കും നാട്ടുകാര്‍ക്കും വേണ്ട. കിണവക്കലില്‍ മന്ത്രി കെ കെ ശൈലജയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചിരുന്നു. തൊട്ടരികില്‍ മറ്റൊരു കാത്തിരിപ്പു കേന്ദ്രം ഉണ്ടെന്നിരിക്കെയാണ് നിയമങ്ങള്‍ ലംഘിച്ച് റോഡില്‍നിന്ന് അരമീറ്റര്‍ മാത്രം അകലെയായി ഓവുചാലിന് മുകളില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. ഇതു നിയമവിരുദ്ധമായി പണിതതാണെന്നാരോപിച്ച് രണ്ടുപേര്‍ കൂത്തുപറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പഞ്ചായത്ത് ഭരണസമിതി സ്റ്റേ വാങ്ങിയിരിക്കുകയാണ്. കിണവക്കലിന്റെ തൊട്ടടുത്ത സ്റ്റോപ്പായ പോസ്റ്റോഫിസിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനായി മന്ത്രിയുടെ വികസന ഫണ്ടില്‍നിന്ന് ചെലവഴിക്കാന്‍ പണമില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.

RELATED STORIES

Share it
Top