അപകടക്കെണിയൊരുക്കി അകമ്പാടം - ഇടിവണ്ണ റോഡ് വളവ്; നടപടി സ്വീകരിക്കാതെ അധികൃതര്‍

നിലമ്പൂര്‍:നായാടംപൊയില്‍ മലയോരപാതയില്‍ അകമ്പാടത്തിനും ഇടിവണ്ണക്കുമിടയില്‍ ഇടിവണ്ണ ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള വളവ് അപകട മേഖലയായി മാറുന്നു.  ഇന്നലെ ഉച്ചയോടെ കക്കാടംപൊയില്‍ ഭാഗത്തേയ്ക്കു പോവുകയായിരുന്ന ബൈക്ക് ഇവിടെ നിയന്ത്രണം വിട്ട് വലിയ തോട്ടിലേയ്ക്ക് മറിഞ്ഞിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പന്ത്രണ്ടോളം അപകടങ്ങളാണ് ഇവിടെയുണ്ടായത.് കൊടുംവളവും റോഡിന് സംരക്ഷണ മതില്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണം. കോഴിപ്പാറ ജല ടൂറിസം കേന്ദ്രത്തിലേയ്ക്കുള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യുന്ന റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പോ,ഗ്രാമപ്പഞ്ചായത്ത് അധികൃതരോ തയ്യാറായിട്ടില്ല. അപകട മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാറില്ല. കുറഞ്ഞ ചെലവില്‍ ഇവിടെ സംരക്ഷണ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയും. അപകടമേഖലയായ ഇവിടെ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

RELATED STORIES

Share it
Top