അപകടം കുറയ്ക്കാന്‍ തൊണ്ടയാട് ജങ്ഷനില്‍ പഞ്ചിങ് സ്റ്റേഷന്‍ വരുന്നു

കോഴിക്കോട്: അപകടം തുടര്‍ക്കഥയാവുന്ന തൊണ്ടയാട് ജംഗ്ഷനില്‍ പഞ്ചിങ് സ്‌റ്റേഷന്‍ വരുന്നു. പഞ്ചിങ് സ്‌റ്റേഷന്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ ചുമതലപ്പെടുത്തിക്കൊണ്ട് ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഈ പരിസരങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുയര്‍ന്നു.
സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ് സ്ഥലം മാറ്റാനുള്ള നടപടികള്‍ക്കും കോര്‍പറേഷന്‍ അംഗീകാരം ലഭിച്ചു. നഗരത്തിലെ ലോറി പാര്‍ക്കിങ്് പ്രശ്‌നം പരിഹരിക്കാന്‍ നിലവിലുള്ള പാര്‍ക്കിങ് മീഞ്ചന്തയിലേക്കോ കോയ റോഡിലേക്കോ മാറ്റണമെന്ന് ട്രാഫിക് ഉപദേശക സമിതി അവലോകന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച അജണ്ട പാസാക്കിയത്.
നിര്‍ദിഷ്ട സ്ഥലത്ത് പരിശോധന നടത്താനും മീഞ്ചന്തയില്‍ ലോറി പാര്‍ക്കിങ്് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും റീജ്യനല്‍ ടൗണ്‍ പ്ലാനറെ യോഗം ചുമതലപ്പെടുത്തി.
ഇനി മുതല്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ലോറികള്‍ക്ക് താഴിടുന്നതിന് ആവശ്യമായ ക്ലാമ്പുകള്‍ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി കോര്‍പറേഷന്‍ സ്ഥലം കണ്ടെത്തിയ തന്റെ ഡിവിഷന്‍ പരിധിയില്‍പ്പെട്ട സ്ഥലം ലോറികള്‍ പാര്‍ക്കു ചെയ്യുന്നതിനായി വിട്ടുനല്‍കുന്നതിനോട് കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ വിയോജിച്ചു. ഇത് താല്‍ക്കാലികമാണെന്നും ബസ് ടെര്‍മിനല്‍ യാഥാര്‍ഥ്യമാവുന്ന മുറയ്ക്ക് ലോറി സ്റ്റാന്റ് അവിടെ നിന്നു മാറ്റുമെന്നും ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് മറുപടി നല്‍കി. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ പാതയോരങ്ങളിലുള്ള അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും.
മിഠായി തെരുവില്‍ സ്റ്റീറ്റാ മാനേജരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരിയാണെന്ന് മേയര്‍ വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് മിഠായിത്തെരുവിലൂടെ യാത്ര ചെയ്യുന്നതിനായി മുച്ചക്രവാഹനം ഏര്‍പ്പെടുത്താനും ബഗ്ഗീസില്‍ സൗജന്യ യാത്ര അനുവദിക്കാനും തീരുമാനിച്ചു.

RELATED STORIES

Share it
Top