അന്‍വറിനെ പരിസ്ഥിതി സമിതിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സുധീരന്‍പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പിവി അന്‍വര്‍ എംഎല്‍എയെ  നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് വിഎം സുധീരന്‍. ഇക്കാര്യമുന്നയിച്ച് സുധീരന്‍ സ്പീക്കര്‍ക്ക്് കത്തയച്ചു.
കത്തിന്റെ പൂര്‍ണ രൂപം :
പ്രിയപ്പെട്ട സ്പീക്കര്‍
കേരളനിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ അംഗമായ പി.വി.അന്‍വര്‍ എം.എല്‍.എ അതിഗുരുതരമായ നിലയില്‍ പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ തെളിവുസഹിതം മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്.
പരിസ്ഥിതി സമിതിയിലെ ഒരംഗം തന്നെ പരിസ്ഥിതി നിയമങ്ങളെ കാറ്റില്‍പറത്തി മുന്നോട്ട് പോകുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാണിച്ച് പി.വി. അന്‍വറിനെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് 6.12.2017ല്‍ കത്തുനല്‍കിയത് ഓര്‍ക്കുമല്ലോ.
എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഇതേവരെ സ്വീകരിച്ചതായി കാണുന്നില്ല.
പരിസ്ഥിതി നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ചുകൊണ്ടിരിക്കുന്ന ഒരു നിയമസഭാ സാമാജികനെ തന്നെ പരിസ്ഥിതി സംബന്ധിച്ച സമിതിയില്‍ അംഗമായി തുടരാന്‍ അനുവദിക്കുന്നത് നമ്മുടെ നിയമസഭയുടെ അന്തസ്സിന് തന്നെ കോട്ടംതട്ടുന്ന കാര്യമാണ്.
അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിച്ച് പി.വി. അന്‍വറിനെ പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.
സ്‌നേഹാദരപൂര്‍വ്വം. വി. എം. സുധീരന്‍.

RELATED STORIES

Share it
Top