അന്‍വറിനെതിരായ പരാതി ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പു കമ്മീഷന് കൈമാറി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഭാര്യയുടെ സ്വത്തുവിവരം മറച്ചുവച്ചെന്ന പരാതി ചീഫ് സെക്രട്ടറി കെ എം എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. മലപ്പുറം സ്വദേശിയില്‍ നിന്നു ഗവര്‍ണര്‍ പി സദാശിവത്തിനു ലഭിച്ച പരാതിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് പരാതി അയക്കുകയും അദ്ദേഹമത് സംസ്ഥാന ഇലക്ടറല്‍ ഓഫിസര്‍ക്ക് കൈമാറുകയുമായിരുന്നു. സ്വന്തം പേരിലും രണ്ടാംഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കള്‍ മറച്ചുവച്ചതായും വരുമാനത്തിലും സ്വത്തുവിവരത്തിലും ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് സമയത്ത് കമ്മീഷനെ കബളിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കക്കാടംപൊയിലിലെ വിവാദ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാംഭാര്യയുടെ സ്വത്തുവിവരങ്ങള്‍ മല്‍സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും എംഎല്‍എ മറച്ചുവച്ചെന്നു പരാതിയില്‍ ആരോപിച്ചിരുന്നു.
പി വി അന്‍വര്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭൂമിസംബന്ധമായി നല്‍കിയ വിവരങ്ങളിലേറെയും വ്യാജമാണെന്നു തെളിഞ്ഞിരുന്നു. തൃക്കലങ്ങോട് വില്ലേജ് ഓഫിസിലെ രേഖകള്‍പ്രകാരം അന്‍വര്‍ തന്റേതെന്ന് അവകാശപ്പെടുന്ന ഭൂമിയുടെ സര്‍വേ നമ്പറില്‍ അഞ്ച് അവകാശികളാണുള്ളത്. സത്യവാങ്മൂലത്തില്‍ എംഎല്‍എ നല്‍കിയ വിവരമനുസരിച്ച് തൃക്കലങ്ങോട് വില്ലേജിലെ 62/241 എന്ന സര്‍വേ നമ്പറില്‍ മാത്രം 203.62 ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍, വില്ലേജ് ഓഫിസിലെ രേഖകളില്‍ അഞ്ചുപേരുടെ പേരിലാണ് ഈ ഭൂമിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരാതി സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ അന്‍വറിന് അയോഗ്യത ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരും.
അതേസമയം, പി വി അന്‍വറിന്റെ അനധികൃത ഇടപാടുകള്‍ക്കെതിരേ ക്രിസ്മസ് അവധി കഴിഞ്ഞാല്‍ ഉടനെ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.  ജനുവരി 4ന് കൂടരഞ്ഞിയില്‍ അന്‍വറിനെതിരേ ബിജെപിയുടെ രാപകല്‍ സമരം ആരംഭിക്കുമെന്നും കുമ്മനം അറിയിച്ചു.

RELATED STORIES

Share it
Top