അന്വേഷിക്കാന്‍ വിഷയമില്ലാതെ അന്വേഷണസംഘം

മധ്യമാര്‍ഗം     പരമു
ജനകീയ പ്രക്ഷോഭങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ന്നുവരുമ്പോള്‍ അതിനെ നേരിടാന്‍ ഭരണക്കാര്‍ക്ക് പണ്ടൊക്കെ ഒരു പോംവഴി മുന്നിലുണ്ടായിരുന്നു- ജുഡീഷ്യല്‍ അന്വേഷണം. ഏതെങ്കിലും സിറ്റിങ് ജഡ്ജിയായിരിക്കും അന്വേഷണ കമ്മീഷന്‍. ഉടനെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരിക്കും വെളിപ്പെടുത്തല്‍. അതോടെ പ്രക്ഷോഭങ്ങളും വിവാദങ്ങളും കെട്ടടങ്ങും. പൊതുഖജനാവില്‍ നിന്ന് കമ്മീഷന് പണവും മറ്റു സൗകര്യങ്ങളും അനുവദിക്കും. ഇതിങ്ങനെ തുടര്‍ന്നപ്പോള്‍ ഏതു സംഭവത്തിനും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങി.
വാസ്തവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം കേരളത്തെ സംബന്ധിച്ച് വലിയ പ്രഹസനമായി മാറിയിരിക്കുന്നു. നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാലെ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പുറംലോകം അറിയുകയുള്ളു. അപ്പോഴേക്കും മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയായിരിക്കും. അധികാരത്തില്‍ മറ്റൊരു മുന്നണിയായിരിക്കും. കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ അലമാരകളില്‍ കിടക്കും. ഇങ്ങനെ പൊടിപിടിച്ചുകിടക്കുന്ന കമ്മീഷന്‍ റിപോര്‍ട്ടുകളുടെ എണ്ണം വലുതാണ്.
ജഡ്ജിമാരാണ് അന്വേഷണ കമ്മീഷനുകള്‍. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണിത്. അന്വേഷണ കമ്മീഷനുകള്‍ പരിഹാസ്യമായി മാറുന്നതു മനസ്സിലാക്കി സിറ്റിങ് ജഡ്ജിമാരെ വിട്ടുതരില്ലെന്ന് ഹൈക്കോടതിക്കു തീരുമാനിക്കേണ്ടിവന്നു. റിട്ടയേര്‍ഡ് ജഡ്ജിമാരെയാണ് ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കുന്നത്. റിട്ട. ജഡ്ജിമാരുടെ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകളുടെ സ്ഥിതിയും തഥൈവ. ഹൈക്കോടതിയും സുപ്രിംകോടതിയും ഈ റിപോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളുകയോ ഭാഗികമായി തള്ളുകയോ ചെയ്യുകയാണു പതിവ്.
സിറ്റിങ്-റിട്ടയേര്‍ഡ് ജഡ്ജിമാരുടെ കമ്മീഷനുകള്‍ ഫലപ്രദമല്ലാത്തതിനാല്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിന്റെ തലവന്മാര്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവുമ്പോള്‍ സംഘത്തിന് വിശ്വാസ്യതയും അധികാരങ്ങളുമുണ്ട്. സോളാര്‍ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷം (ഇന്നത്തെ ഭരണപക്ഷം) ആണ് ജുഡീഷ്യല്‍ അന്വേഷണം ആദ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ ആ ആവശ്യം അംഗീകരിച്ചു. സിറ്റിങ് ജഡ്ജിയെ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിക്ക് കത്തെഴുതി. കൊടുക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. തുടര്‍ന്നാണ് റിട്ടയേര്‍ഡ് ജഡ്ജിയെ നിയമിച്ചത്. സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏവര്‍ക്കും അറിയാമല്ലോ.
ഇന്നത്തെ ഭരണപക്ഷമായ അന്നത്തെ പ്രതിപക്ഷം അന്വേഷണത്തെ പിന്തുണച്ചില്ലെങ്കിലും റിപോര്‍ട്ട് കൈയില്‍ കിട്ടിയപ്പോള്‍ അത് ആഘോഷമാക്കി മാറ്റി. ഫലത്തില്‍ റിപോര്‍ട്ട് രാഷ്ട്രീയ പകപോക്കലിനു വേണ്ടി ഭരണമുന്നണി ഉപയോഗിച്ചു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രിക്കെതിരേ ലൈംഗികാതിക്രമങ്ങള്‍ക്കും അഴിമതിക്കുമെതിരേ ക്രിമിനല്‍ക്കേസ്  എടുക്കുമെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പ്രസ്താവിച്ചു. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായതിനാല്‍ വോട്ടു വേട്ടയ്ക്കുള്ള ആയുധമായി ഇതു മാറുമെന്ന് വിചാരിച്ചു. ഇതിന്റെ പേരില്‍ വോട്ടുകളൊന്നും വീണില്ല. മറിച്ച് ഭരണമുന്നണിയെ അനുകൂലിക്കുന്നവര്‍ പോലും മുഖ്യമന്ത്രിയുടെ എടുത്തുചാടിയുള്ള നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.
എന്നാല്‍, മുഖ്യമന്ത്രി മുന്നോട്ടുപോയി. ഐപിഎസ് ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സരിത നായരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന നിയമോപദേശം കൂടി ലഭിച്ചതോടെ അന്വേഷണസംഘം ഒന്നും ചെയ്യാന്‍ ധൈര്യപ്പെട്ടില്ല. ഇതിനിടയില്‍ റിപോര്‍ട്ട് കോടതിയിലെത്തിയതോടെ അന്വേഷണസംഘം കോടതിയുടെ വിധിയും കാത്തിരുന്നു. ചുരുക്കത്തില്‍ പണിയൊന്നുമില്ലാതായി. പിന്നീട് സംഘത്തലവന്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. അതോടെ സംഘത്തിന് തലവനുമില്ലാതായി. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ നിന്നു സരിത നായരുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഹൈക്കോടതി നീക്കിയതോടെ അന്വേഷണസംഘത്തിന് അന്വേഷണവിഷയവുമില്ലാതായി. ഇങ്ങനെയൊരു ഗതികേട് കേരളത്തിലെ ഒരു പ്രത്യേക അന്വേഷണസംഘത്തിനും ഉണ്ടായിട്ടില്ല. നട്ടംതിരിയുന്ന ഈ അന്വേഷണസംഘത്തെ പിരിച്ചുവിടുന്നതാണു നല്ലത്. കേസുകളെല്ലാം എടുക്കാന്‍ വേറൊരു അന്വേഷണ സംഘത്തെ നിയോഗിക്കാമല്ലോ. സരിത മുഖ്യമന്ത്രിക്ക് നേരിട്ടു നല്‍കിയ പരാതിയും അവിടെ കിടപ്പുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തിലാവാം ഇനിയങ്ങോട്ടുള്ള അന്വേഷണവും തെളിവെടുപ്പും നടപടികളും. കത്തും റിപോര്‍ട്ടും പോലെയല്ലല്ലോ നേരിട്ടുള്ള പരാതി!                                                            ി

RELATED STORIES

Share it
Top