അന്വേഷണ സംഘത്തിന് പ്രവേശിക്കാനായില്ല

ദമസ്‌കസ്: രാസായുധ നിരോധന സംഘടന (ഒപിസിഡബ്ല്യൂ) പ്രതിനിധികള്‍ക്ക് സിറിയയിലെ ദൗമയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെന്നു ബ്രിട്ടിഷ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍. ശനിയാഴ്ചയോടെയാണ് ഒപിസിഡബ്ല്യൂ പ്രതിനിധികള്‍ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെത്തിയത്.
രാസായുധ ആക്രമണമുണ്ടായ ദൗമയില്‍ സംഘം ഇന്നലെ സന്ദര്‍ശനം നടത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍, സിറിയയും സഖ്യകക്ഷിയായ റഷ്യയും സംഘം ആക്രമണ സ്ഥലത്ത് പ്രവേശിക്കുന്നതിന് അനുകൂലമായി പ്രതികരിച്ചില്ലെന്ന് ഒപിസിഡബ്ല്യൂവിലെ ബ്രിട്ടിഷ് പ്രതിനിധി പീറ്റര്‍ വില്‍സണ്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ സിറിയന്‍ ദൗത്യത്തിന് യുഎന്നിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ സുരക്ഷയ്ക്ക് ഉറപ്പ് നല്‍കാനാവില്ലെന്നായിരുന്നു സിറിയയുടെയും റഷ്യയുടെയും പ്രതികരണം. പ്രദേശത്ത് സ്വതന്ത്രമായി ഇടപെടാന്‍ അന്വേഷണസംഘത്തിനു സാധിക്കണം. ഇതിനായി റഷ്യ സഹകരിക്കണമെന്നും പീറ്റര്‍ വില്‍സണ്‍ പറഞ്ഞു.
ഒപിസിഡബ്ല്യൂ സംഘം ദൗമയില്‍ പ്രവേശിക്കാന്‍ വൈകുന്നത് യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സഖ്യസേനയുടെ വ്യോമാക്രമണത്തെത്തുടര്‍ന്നാണെന്നു റഷ്യ പ്രതികരിച്ചു. ശനിഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപമുള്ള ബര്‍സാ ഗവേഷണ കേന്ദ്രം, ഹുംസ് നഗരത്തിനു സമീപമുള്ള രണ്ടു സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യംവച്ചുള്ള യുഎസ് സഖ്യത്തിന്റെ വ്യോമാക്രമണം. രാസായുധ പരീക്ഷണങ്ങള്‍ക്കായി ഗവേഷണ കേന്ദ്രം ഉപയോഗിക്കപ്പെടുന്നതായാണ് യുഎസ് പ്രതിരോധ വിഭാഗം പറയുന്നത്. ഹുംസിലെ സംഭരണ കേന്ദ്രങ്ങളില്‍ മറ്റ് ആയുധങ്ങള്‍ക്കു പുറമേ രാസായുധങ്ങളും സൂക്ഷിക്കുന്നതായി അവര്‍ പറയുന്നു.
സിറിയയിലെ രാസായുധ പ്രയോഗത്തിന്റെയും കഴിഞ്ഞ ദിവസത്തെ യുഎസ് സഖ്യകക്ഷികളുടെ വ്യോമാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്നുണ്ട്. സറിന്‍, ക്ലോറിന്‍ രാസവസ്തുക്കളടങ്ങിയ ബോംബുകളാണ് ഈ മാസം ഏഴിന് കിഴക്കന്‍ ഗൂത്തയിലെ ദൗമയിലുണ്ടായ ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
ഒപിസിഡബ്ല്യൂ പ്രതിനിധികള്‍ സിറിയന്‍ വിദേശകാര്യ ഉപമന്ത്രി ഫൈസല്‍ മെക്ദാദുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യന്‍ ഉദ്യോഗസ്ഥരുടെയും സിറിയയിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

RELATED STORIES

Share it
Top