അന്വേഷണ ഏജന്‍സിയുടെ രാഷ്ട്രീയം

പി  എ  എം  ഹാരിസ്
ഒരു രാജ്യത്തെ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കു മേല്‍ പൗരന്‍മാര്‍ക്ക് ഉണ്ടാകുന്ന വിശ്വാസത്തകര്‍ച്ച സത്യത്തില്‍ രാജ്യത്തെ നിയമവാഴ്ചയ്ക്കു മേല്‍ വീഴുന്ന കരിനിഴലാണ്. തങ്ങളുടെ ജീവനും നിരപരാധിത്വത്തിനും സത്യസന്ധതയ്ക്കും ഭരണകൂടം വില കല്‍പിക്കുന്നില്ലേ എന്നു ജനങ്ങള്‍ സംശയിക്കാന്‍ തുടങ്ങുന്നു. ഇന്ത്യയില്‍ പോലിസ് സംസ്ഥാന ഭരണകൂടങ്ങളുടെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പോലും കൂലിക്കാരായി മാറുമ്പോള്‍ രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സികള്‍ ജനാധിപത്യ വിശ്വാസികളുടെ ആത്യന്തിക പ്രതീക്ഷയാവേണ്ടതാണ്.
എന്നാല്‍, പലപ്പോഴും കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകമായി മാറുക വഴി സിബിഐ പോലും വിശ്വാസത്തകര്‍ച്ച നേരിടുകയാണ്. വിദഗ്ധരെയും സമര്‍ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആത്മവിശ്വാസം കൂടിയായിരുന്നു. നിരപരാധികളുടെ രക്തം ചിന്തുകയും ജീവന്‍ ഹനിക്കുകയും ചെയ്യുന്ന ഭീകര താണ്ഡവങ്ങള്‍ക്കു നേരെ അന്വേഷണ ഏജന്‍സികള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് സമൂഹം പ്രതീക്ഷിക്കുന്നത്. വിശേഷിച്ചും ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനു വേണ്ടി മാത്രമായി രൂപീകൃതമായ എന്‍ഐഎയെക്കുറിച്ചുള്ള ധാരണ അതാണ്.
എന്നാല്‍ ഡോ. ഹാദിയ കേസില്‍ എന്‍ഐഎ സ്വീകരിച്ച ബാലിശമായ നിലപാടുകളും കേസിന് ഇല്ലാത്ത മാനങ്ങള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ കാണിച്ച വ്യഗ്രതയും പരമോന്നത നീതിപീഠത്തിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് തുടക്കം മാത്രം. മതേതര സമൂഹത്തിനു മുമ്പില്‍ പ്രസ്തുത ഏജന്‍സിയുടെ വിശ്വാസ്യതയും മാന്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.
പത്തു വര്‍ഷമായി കോടതികളില്‍ ഇഴഞ്ഞുനീങ്ങുന്ന കേസാണ് 2008ലെ മലേഗാവ് സ്‌ഫോടനക്കേസ്. ഏഴു പേരുടെ മരണത്തിനും നൂറില്‍പരം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായതാണ് 2008ലെ മലേഗാവ് സ്‌ഫോടനം. ഈ കേസില്‍ വിവിധ കാലങ്ങളില്‍ എന്‍ഐഎ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ പരിശോധിച്ചാല്‍ ആ ഏജന്‍സി എത്രത്തോളം രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നു വ്യക്തമാവും.
എബിവിപിയിലൂടെ വന്നു സംഘപരിവാരത്തിന്റെ തീപ്പൊരി സന്യാസിനിയായി മാറിയ സാധ്വി പ്രജ്ഞാസിങ്, സൈന്യത്തില്‍ ആര്‍എസ്എസിന്റെ ദുഃസ്വാധീനം എത്രത്തോളമുണ്ടെന്ന് മാധ്യമങ്ങളും ജനങ്ങളും ഞെട്ടലോടെ മനസ്സിലാക്കാന്‍ കാരണക്കാരനായ ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് പ്രവര്‍ത്തകരായ സുധാകര്‍ ദ്വിവേദി, രമേഷ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, ജഗദീഷ് മാത്രേ, രാകേഷ് ധവാതെ, അജയ് രഹിര്‍കര്‍, സാമിര്‍ കുല്‍ക്കര്‍ണി, ശ്യാം സാഹു, ശിവ് നാരായണ്‍ കല്‍സാംഗ്രെ, പ്രവീണ്‍ മുത്താലിക്, രാംചന്ദ്ര കല്‍സാംഗ്ര തുടങ്ങി സംഘപരിവാര 'ബൊക്കെ'യില്‍ വരുന്ന 17 പ്രതികള്‍ക്കെതിരേ കണ്ണില്‍ കുത്തുന്ന തെളിവുകള്‍ കോടതിയുടെ മുമ്പിലുണ്ട്.
പ്രതികളെ നിയമത്തിനു മുന്നില്‍ നിന്നു രക്ഷിക്കാന്‍ അവരേക്കാള്‍ വ്യഗ്രതയോടെ എന്‍ഐഎ ഇന്നു കോടതിയില്‍ നിന്നു വിയര്‍ക്കുകയാണ്. ഒന്നാം പ്രതി സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരെ വിചാരണ ചെയ്യാന്‍ യാതൊരു തെളിവുമില്ലെന്നും അവര്‍ നിരപരാധികളാണെന്നും കുറ്റവിമുക്തരാക്കണമെന്നും വരെ എന്‍ഐഎ കോടതിയില്‍ ആണയിട്ടു.
മലേഗാവ് സ്‌ഫോടന കേസില്‍ ക്രിമിനല്‍ നടപടി തുടരുന്നത് ഒഴിവാക്കണമെന്ന ലഫ്. കേണല്‍ പുരോഹിതിന്റെ ഹരജിയില്‍ കഴിഞ്ഞ ജനുവരി 29ന് എന്‍ഐഎക്കും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കണമെന്നാണ് ഉത്തരവ്. ബോംബെ ഹൈക്കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചത്.
ഒമ്പതു വര്‍ഷം തടവില്‍ കഴിഞ്ഞ പുരോഹിതിനു സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനാല്‍ ഇപ്പോള്‍ തടവിനു പുറത്താണ്. കേസില്‍ കുറ്റം ചുമത്തിയ പ്രത്യേക വിചാരണക്കോടതി മുന്‍കൂര്‍ അനുമതിയുടെ പ്രശ്‌നം വിചാരണവേളയില്‍ തീരുമാനിക്കാമെന്നു വിധിച്ചിരുന്നു. യുഎപിഎ പ്രകാരം അനുമതി നല്‍കാന്‍ യോഗ്യതയുള്ള സംസ്ഥാന നിയമ-ജുഡീഷ്യറി വകുപ്പില്‍ നിന്നു റിപോര്‍ട്ട് തേടേണ്ടതായിരുന്നുവെന്ന് ഇരുവരും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തന്റെ കാര്യത്തില്‍ 2009 ജനുവരിയിലാണ് അനുമതി നല്‍കിയതെന്നും എന്നാല്‍ അതോറിറ്റിയെ നിയോഗിച്ചത് 2010 ഒക്ടോബറില്‍ മാത്രമാണെന്നുമായിരുന്നു പുരോഹിതിന്റെ വാദം.
വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവ് തുണിത്തരങ്ങളുടെ നഗരമാണ്. ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള നഗരം. 2008 സപ്തംബര്‍ 29നു നഗരത്തിലെ ഷക്കീല്‍ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ എതിര്‍വശം ഭികു ചത്വരത്തില്‍ ബോംബ് പൊട്ടി. സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച എല്‍എംഎല്‍ ഫ്രീഡം മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഏഴു പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നേരത്തേ സിമി പ്രവര്‍ത്തകരായിരുന്ന നിരവധി യുവാക്കളെ ഈ കേസില്‍ പിടികൂടി തടവിലിട്ടു. പിന്നീട് ഹേമന്ദ് കര്‍ക്കരെ എന്ന സമര്‍ഥനായ പോലിസ് ഓഫിസറുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന യഥാര്‍ഥ പ്രതികളെ വലയിലാക്കി.
2008ല്‍ ആദ്യം സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെ പിടികൂടി. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് സാധ്വിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്നു കണ്ടെത്തിയതോടെയായിരുന്നു ഇത്. സാധ്വിയെ ചോദ്യം ചെയ്ത ശേഷമാണ് കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ അഭിനവ് ഭാരത് പ്രവര്‍ത്തകരായ മറ്റു പ്രതികളെ പിടികൂടിയത്. രാമചന്ദ്ര കല്‍സാംഗ്രക്കാണ് പ്രജ്ഞാസിങ് ഠാക്കൂര്‍ മോട്ടോര്‍ ബൈക്ക് നല്‍കിയത്. കല്‍സാംഗ്രയാണ് ബോംബ് സ്ഥാപിച്ചതെന്ന് എടിഎസ് പറയുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
2009 ജനുവരി 30ന് എടിഎസ് അഭിനവ് ഭാരത് പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം നല്‍കി. 2011 ഏപ്രില്‍ 1ന് എടിഎസില്‍ നിന്ന് അന്വേഷണ ചുമതല എന്‍ഐഎക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 2011 ഏപ്രില്‍ 13ന് എന്‍ഐഎ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2011 ഏപ്രില്‍ 21ന് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു.
എന്‍ഐഎ 2016 മെയ് 13ന് പത്തു പേരെ പ്രതികളാക്കി മുംബൈ പ്രത്യേക എന്‍ഐഎ കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കി. സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍, ശിവ് നാരായണ്‍ കാല്‍സാംഗ്ര, ശ്യാം ബാവര്‍ലാല്‍ സാഹു, പ്രവീണ്‍ തക്കാല്‍കി, ലോകേഷ് ശര്‍മ, ധാന്‍ സിങ് ചൗധരി എന്നീ ആറു പേരെ കുറ്റവിമുക്തരാക്കി ക്ലീന്‍ചിറ്റ് നല്‍കി. അവര്‍ക്കെതിരേ പ്രോസിക്യൂട്ട് ചെയ്യാവുന്ന തെളിവുകള്‍ ലഭ്യമല്ലെന്നും അവരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, പ്രജ്ഞാസിങ് ഠാക്കൂറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ച കോടതി ശ്യാം സാഹു, ശിവ് നാരായണ്‍ കല്‍സാംഗ്ര, പ്രവീണ്‍ തകാല്‍കി എന്നീ മൂന്നു പേരെ മാത്രമാണ് കുറ്റവിമുക്തരാക്കിയത്.
മലേഗാവ് കേസിലെ ഒന്നാം പ്രതിയാണ് പ്രജ്ഞാസിങ് ഠാക്കൂര്‍. 2015 ഏപ്രിലില്‍ പ്രജ്ഞാസിങിനു ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. അവരുടെ ജാമ്യാപേക്ഷ എന്‍ഐഎ എതിര്‍ത്തില്ല. അധികം വൈകാതെ പുരോഹിതും ജാമ്യത്തിലിറങ്ങി. അതിനു ശേഷമാണ് ഇരുവരും നിരപരാധികളാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
ഹരജിക്കാരി (സാധ്വി) ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നും സ്‌ഫോടനത്തിനു മോട്ടോര്‍ സൈക്കിള്‍ നല്‍കി കൂട്ടുപ്രതിയെ സഹായിച്ചുവെന്നും വ്യക്തമായി തെളിയുന്നതായും ഹരജിക്കാരിക്കെതിരേ പ്രഥമദൃഷ്ട്യാ ശക്തമായ കേസ് നിലനില്‍ക്കുന്നതായും രേഖപ്പെടുത്തിയാണ് ജഡ്ജിമാര്‍ ഹരജി തള്ളിയത്. കേസ് കോടതിയിലെത്തിയപ്പോള്‍ എന്‍ഐഎയുടെ നിലപാട് മാറി. ഗൂഢാലോചനകളില്‍ പ്രജ്ഞാസിങ് ഠാക്കൂര്‍ പങ്കാളിയായിരുന്നുവെന്നതിനു യാതൊരു തെളിവുമില്ലെന്നും അവരെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യവുമായാണ് എന്‍ഐഎ കോടതിയിലെത്തിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കില്‍ ഒരു സമയത്ത് പ്രജ്ഞയുടേതായിരുന്നുവെങ്കിലും സ്‌ഫോടനത്തിനു വളരെ മുമ്പ് അതു വിറ്റിരുന്നുവെന്നും ഗൂഢാലോചനയെക്കുറിച്ച് പ്രജ്ഞയ്ക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നുമാണ് എന്‍ഐഎ ബോധിപ്പിച്ചത്.
എന്നാല്‍, ജഡ്ജി എസ് ഡി തെകാലെ എന്‍ഐഎയുടെ വാദം തള്ളി. ഫരീദാബാദിലും ഭോപാലിലും നടന്ന ഗൂഢാലോചനകളില്‍ ഠാക്കൂറും പുരോഹിതും പങ്കാളികളായിരുന്നുവെന്ന ആരോപണം ചില സാക്ഷിമൊഴികള്‍ സാധൂകരിക്കുന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തിനു പ്രജ്ഞയുടെ മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ചിരിക്കെ എന്‍ഐഎയുടെ വാദം ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
13 പ്രതികളില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴു പേരുടെ ഹരജിയും പ്രജ്ഞാസിങ് ഒഴികെ ആറു പേരില്‍ കുറ്റം ചുമത്തുന്ന എന്‍ഐഎയുടെ ഹരജിയുമാണ് ജഡ്ജി തെകാലെയുടെ മുമ്പിലെത്തിയത്. സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി, അജയ് രഹിര്‍കര്‍ എന്നീ ഏഴു പേര്‍ക്കും കോടതി കുറ്റം ചുമത്തി. ഭീകരവിരുദ്ധ നിയമമായ യുഎപിഎ വകുപ്പുകള്‍ പ്രകാരം വിചാരണ നേരിടണമെന്ന് 2017 ഡിസംബര്‍ 27നു കോടതി ഉത്തരവിട്ടു. സാധ്വി പ്രജ്ഞാസിങിനു ക്ലീന്‍ചിറ്റ് നല്‍കിയ എന്‍ഐഎക്ക് കനത്ത ആഘാതമാണ് മുംബൈ പ്രത്യേക എന്‍ഐഎ കോടതിയുടെ വിധി.
ഇപ്പോള്‍ പ്രജ്ഞയ്‌ക്കെതിരേ കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് എന്‍ഐഎ ഇതേ കോടതി മുമ്പാകെ വാദിക്കുമ്പോള്‍ എന്തുണ്ടായി? ബോംബ് സ്‌ഫോടനങ്ങളിലെ സുപ്രധാന ഗൂഢാലോചനയിലെ മുഖ്യപ്രതിക്ക് ക്ലീന്‍ചിറ്റ് നല്‍കാന്‍ മാത്രം എന്താണ് മാറിയത്? കേന്ദ്രസര്‍ക്കാര്‍ അല്ലാതെ മറ്റൊന്നും മാറിയില്ല എന്നതാണ് ശരി.
മനമില്ലാമനസ്സോടെ സാധ്വി പ്രജ്ഞയടക്കമുള്ളവരുടെ പേരില്‍ കുറ്റപത്രം നല്‍കാന്‍ എന്‍ഐഎ നിര്‍ബന്ധിതമായി. യുഎപിഎ പ്രകാരം ഗൂഢാലോചന നടത്തി ഭീകരപ്രവര്‍ത്തനം, ഭീകരപ്രവര്‍ത്തനത്തിനു ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് പ്രതികള്‍ വിചാരണ നേരിടണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിനു കീഴില്‍ 120-ബി (കുറ്റകരമായ ഗൂഢാലോചന), 302 (കൊലപാതകം), 307 (വധശ്രമം), വകുപ്പ് 326 (മനഃപൂര്‍വം മറ്റുള്ളവര്‍ക്ക് അപകടം വരുത്തല്‍), വകുപ്പ് 427, 153-എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍), സ്‌ഫോടക വസ്തു നിയമത്തിലെ 3, 4, 5, 6 വകുപ്പുകളുമാണ് ചുമത്തിയത്. വധശിക്ഷയും ജീവപര്യന്തവും വരെ വിധിക്കാവുന്ന കുറ്റങ്ങള്‍ പ്രതികളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.
സ്‌ഫോടന കേസില്‍ 1999ലെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസും (മക്കോക്ക) അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ യുഎപിഎയുടെ ചില വകുപ്പുകളും ഒഴിവാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാമായിരുന്ന വകുപ്പുകളാണ് ഇത്തരത്തില്‍ ഒഴിവാക്കിയത്. മലേഗാവ് കേസിലെ പ്രതികള്‍ക്കു മേല്‍ മക്കോക്ക ചുമത്തിയത് നേരത്തേ സുപ്രിംകോടതിയും ഹൈക്കോടതിയും അംഗീകരിച്ചിരിക്കെ, ആ വകുപ്പുകള്‍ എന്തുകൊണ്ടാണ് എന്‍ഐഎ ഒഴിവാക്കിയതെന്ന ചോദ്യം പ്രസക്തമാണ്.
കടുത്ത കുറ്റം ചുമത്തിയ വകുപ്പുകള്‍ ഒഴിവാക്കിയ എന്‍ഐഎ കുറ്റകൃത്യത്തില്‍ അവ സ്ഥാപിക്കാന്‍ പറ്റിയ തെളിവുകളൊന്നും അന്വേഷണത്തില്‍ ലഭിച്ചില്ലെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍, ഈ കേസിലെ അന്വേഷണങ്ങളും കോടതി നടപടികളും തുടക്കം മുതല്‍ ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് മക്കോക്ക ചുമത്തുന്നതിലുള്ള എന്‍ഐഎയുടെ തകിടംമറിച്ചില്‍ വ്യക്തമായി മനസ്സിലാവും. എടിഎസ് മക്കോക്ക ചുമത്തിയത് സുപ്രിംകോടതിയും ബോംബെ ഹൈക്കോടതിയും ശരിവച്ചിരുന്നതാണ്.
2008 നവംബറിലാണ് കേസില്‍ എടിഎസ് മക്കോക്ക ചുമത്തിയത്. 2009 ജനുവരി 20ന് 11 പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കി. സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍, ശിവ് നാരായണ്‍ ഗോപാല്‍സിങ് കല്‍സാംഗ്ര, ശ്യാം ബവര്‍ലാല്‍ സാഹു, രമേശ് ശിവജി ഉപാധ്യായ, സമീര്‍ ശരദ് കുല്‍ക്കര്‍ണി അജയ് എന്ന രാജാ ഏക്‌നാഥ് രഹിര്‍കര്‍, രാകേഷ് ദത്താത്രേയ ദാവ്‌ഡെ, ജഗദീഷ് ചിന്താമന്‍ മാത്രെ, പ്രസാദ് ശ്രീകാന്ത് പുരോഹിത്, സുധാകര്‍ ഉദയ് ബന്‍ധര്‍ ദ്വിവേദി എന്ന ദയാനന്ദ് പാണ്ഡെ, സുധാകര്‍ ഓംകാര്‍നാഥ് ചതുര്‍വേദി എന്നിവരായിരുന്നു പ്രതികള്‍.
മക്കോക്ക ചുമത്തുന്നതിന് അന്വേഷണ ഏജന്‍സിയുടെ മാനദണ്ഡം, കുറ്റകൃത്യം ചെയ്തത് ഒരു സംഘമാണോ എന്നതും പ്രതികളില്‍ ഒരാളെങ്കിലും ഇതിനു മുമ്പ് രണ്ടു കേസുകളില്‍ കുറ്റപത്രം ലഭിച്ചവരാണോ എന്നതുമാണ്. ഈ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര ക്രൈംബ്രാഞ്ചും എടിഎസും നവംബര്‍ 7ലെ ട്രെയിന്‍ സ്‌ഫോടനം, പൂനെ സ്‌ഫോടനം, ഔറംഗാബാദ് ആയുധക്കടത്ത്, സാവേരി സ്‌ഫോടനം, ഇന്ത്യന്‍ മുജാഹിദീന്‍ ഇ-മെയില്‍ എന്നീ കേസുകളില്‍ മക്കോക്ക ചുമത്തിയത്.
2008ലെ സ്‌ഫോടന കേസ് അന്വേഷണവേളയിലാണ് പ്രതികളില്‍ ഉള്‍പ്പെടുന്ന രാകേഷ് ദവാഡെ മറ്റു രണ്ടു ബോംബ് കേസുകളില്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എടിഎസിനു വിവരം ലഭിച്ചത്. 2004 ആഗസ്ത് 27നു ജല്‍നയിലും 2003 നവംബര്‍ 21നു പര്‍ബാനിയിലുമുണ്ടായ സ്‌ഫോടന കേസുകളില്‍ പങ്കാളിയായ ദവാഡെ അറസ്റ്റിലായിരുന്നു. ഇതു സ്ഥിരീകരിച്ചതോടെ മലേഗാവ് സ്‌ഫോടന കേസിലെ എല്ലാ പ്രതികള്‍ക്കും മേല്‍ എടിഎസ് മക്കോക്ക ചുമത്തി.
പ്രതികളില്‍ ചിലരുടെ ജാമ്യാപേക്ഷ കേട്ടത് മക്കോക്ക കോടതി ജഡ്ജി ഷിന്‍ഡെയായിരുന്നു. ചില പ്രതികളുടെ മക്കോക്ക ഒഴിവാക്കിയ അദ്ദേഹം കേസ് വിചാരണയ്ക്കായി 2009 ജൂലൈ 31ന് കീഴ്‌ക്കോടതിക്കു വിട്ടു. ഈ വിധി മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ജ. ബി എച്ച് മാരിയപള്ളെ, ജ. അനൂപ് വി മെഹ്ത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്് 2010 ജൂലൈ 19ന് (ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 866 ഓഫ് 2009) എല്ലാ പ്രതികളുടെയും മേല്‍ എടിഎസ് മക്കോക്ക ചുമത്തിയത് നിയമപരമാണെന്ന് കണ്ടെത്തി.
പ്രത്യേക കോടതിയുടെ നിലപാട് സാധുവല്ലെന്ന് വിധിച്ചതോടെ കേസില്‍ എല്ലാ പ്രതികള്‍ക്കും മക്കോക്ക വീണ്ടും നടപ്പായി. ഈ വിധി ചോദ്യം ചെയ്ത് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചുവെങ്കിലും 2015 ഏപ്രില്‍ 15നു കേസില്‍ മക്കോക്ക ചുമത്തിയത് ജ. ഫഖീര്‍ മുഹമ്മദ് ഇബ്രാഹീം ഖലീഫുല്ല, ജ. അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് (ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 1969, 70 ഓഫ് 2010) ശരിവച്ചു. ബോംബെ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. അര്‍ഹതയ്ക്കനുസരിച്ച് പ്രതികളുടെ ജാമ്യാപേക്ഷ കേള്‍ക്കാന്‍ സുപ്രിംകോടതി പ്രത്യേക കോടതിക്ക് നിര്‍ദേശം നല്‍കി.                                                            ി

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top