അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാര്‍ ചട്ടുകങ്ങളാവരുത്: എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും 3000ത്തിലധികം പെണ്‍കുട്ടികള്‍ അതിന്റെ ഇരകളായിട്ടുണ്ടെന്നുമുള്ള രൂപത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കു പിന്നില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വ്യാജ റിപോര്‍ട്ടുകളായിരുന്നുവെന്ന കാര്യം ഒടുവില്‍ എന്‍ഐഎ തന്നെ കണ്ടെത്തിയിരിക്കുകയാണെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗം വിലയിരുത്തി.
ഹാദിയ കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിര്‍ദേശപ്രകാരം എന്‍ഐഎ കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമോ, ലൗ ജിഹാദോ ഇല്ലെന്നു കണ്ടെത്തിയതു സത്യവും കേരളീയ സമൂഹത്തിനു വലിയ ആശ്വാസവും പകരുന്നതാണ്. സംസ്ഥാനത്തെ ഹിന്ദുത്വ ഫാഷിസ്റ്റുകളും ഇടത് ലിബറലുകളും വലിയ തോതില്‍ ലൗ ജിഹാദ് പ്രചരണായുധമാക്കി മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഹിഡന്‍ അജണ്ടയോടു കൂടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ ചിലതും ഇതേറ്റു പിടിച്ചിരുന്നു. എന്‍ഐഎയുടെ കണ്ടെത്തലോടെ ഇതെല്ലാം തകര്‍ന്നിരിക്കുകയാണ്. ഹാദിയയെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചെന്ന ദുഷ്പ്രചാരണത്തിന് ആക്കംകൂട്ടിയത് ഹൈക്കോടതിയിലെ വിവാദമായ വിധിയായിരുന്നു. ഹാദിയ കേസില്‍ എന്‍സിഎച്ച്ആര്‍ഒ തുടക്കത്തില്‍ തന്നെ ഇടപെടുകയും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.
ലൗ ജിഹാദിന്റെ കാര്യത്തിലും സംഘടന കുപ്രചാരണങ്ങള്‍ക്കെതിരേ സമൂഹത്തില്‍ പ്രചാരണം നടത്തിയിരുന്നു. ഈ രണ്ടു നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് സുപ്രിംകോടതി വിധിയിലൂടെയും എന്‍ഐഎ റിപോര്‍ട്ടിലൂടെയും ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭരണകൂട ചട്ടുകങ്ങളാവാതെ സത്യസന്ധമായി പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനുള്ള ദുഷ്ടശക്തികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതാവണമെന്നും യോഗം വിലയിരുത്തി.
എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍ യോഗം ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ്, സെക്രട്ടറി എ എം ഷാനവാസ്, ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല, എം കെ ശറഫുദ്ദീന്‍, അഡ്വ. ഷുക്കൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top