അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി പരാതിക്കാരന്‍

മഞ്ചേരി: ബിസിനസ് പങ്കാളിത്തത്തിന് പണം വാങ്ങി പ്രവാസി മലയാളിയെ വഞ്ചിച്ചെന്ന പി വി അന്‍വര്‍ എംഎല്‍എക്കെതിരായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യം. പരാതിക്കാരനായ സലിം നടുത്തൊടി ഈ ആവശ്യമുന്നയിച്ച് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയ്ക്ക് പരാതി നല്‍കി. കേസില്‍ എംഎല്‍എയുടെ വഞ്ചന വ്യക്തമാവുന്ന രേഖകള്‍ ലഭിച്ചിട്ടും ഇക്കാര്യത്തില്‍ അന്വേഷണ സംഘം തുടരുന്ന മെല്ലെപ്പോക്കു നയത്തില്‍ പ്രതിഷേധിച്ചാണ് പരാതി.
മഞ്ചേരി സിഐ എന്‍ ബി ഷൈജുവാണ് കേസന്വേഷിക്കുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരനായ സലിം അറിയിച്ചു. പി വി അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മലപ്പുറം പട്ടര്‍കടവ് സ്വദേശി സലിം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലുള്ള മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ ക്രഷര്‍ യൂനിറ്റ് നടത്തുന്നുണ്ടെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്ന് സലിമിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. 10ലക്ഷം രൂപ ചെക്കായും 40ലക്ഷം പണമായും കൈപ്പറ്റിയ ശേഷം ലാഭമോ മുതലോ നല്‍കിയില്ലെന്നും പണം തിരികെ ചോദിച്ചിട്ടും ഫലമുണ്ടായില്ലന്നും പരാതിയിലുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി, എസ്പി. എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വിദേശത്തായതിനാല്‍ ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. കോടതി നിര്‍ദേശമുണ്ടായിട്ടും കേസന്വേഷണത്തില്‍ പോലിസ് അനാസ്ഥ തുടരുന്നെന്ന ആക്ഷേപം ശക്തമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ബല്‍ത്തങ്ങാടിയിലെ ക്രഷര്‍ യൂനിറ്റില്‍ പോലിസ് പരിശോധന നടത്തിയത്.
എന്നാല്‍, പി വി അന്‍വര്‍, സലീമിനെ വിശ്വസിപ്പിച്ചതുപോലെയുള്ള ക്രഷര്‍ യൂനിറ്റ് ഇവിടെ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.87 ഏക്കറിലുളള ക്രഷറാണ് അവിടെയുള്ളത്. രജിസ്‌ട്രേഷന്‍ രേഖകളില്‍ ഈ ഭൂമി പി വി അന്‍വര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇത് പോലിസ് ശേഖരിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ ഭൂമിയെ സംബന്ധിച്ച് ആരോപണ വിധേയനായ പി വി അന്‍വര്‍ വിവരം നല്‍കിയിട്ടില്ല.നടപടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു.

RELATED STORIES

Share it
Top