അന്വേഷണത്തില്‍ അപാകതയെന്ന് ആക്ഷന്‍ കൗണ്‍സില്‍

വെള്ളമുണ്ട: പത്താംമൈലിലെ പൊയിലന്‍ അമ്മദിന്റെ മകന്‍ അഷ്‌റഫ് (32) നാഗര്‍കോവിലിലെ ആട്ടക്കരയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍. അഷ്‌റഫിനെ സിദ്ധന്‍ ചികില്‍സിക്കാന്‍ എവിടെയാണ് കൊണ്ടുപോയതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വെള്ളമുണ്ട പോലിസില്‍ പരാതിപ്പെട്ടിരുന്നു. ഒരാഴ്ച തികയുന്നതിനു മുമ്പ് അഷ്‌റഫ് മരിച്ചുവെന്നും എന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നു എന്നുമുള്ള വാര്‍ത്തയാണ് നാട്ടുകാര്‍ അറിയുന്നത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് നാഗര്‍കോവിലിലേക്ക് കൊണ്ടുപോയി.
അന്നുതന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ഭാര്യ വെള്ളമുണ്ട പോലിസില്‍ പരാതി നല്‍കി. വ്യാജസിദ്ധനെയും കൂട്ടാളിയെയും അടുത്ത ദിവസങ്ങളില്‍ പോലിസ് പിടികൂടിയെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അടക്കമുള്ളവ കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും റിപോര്‍ട്ട് ഇതുവരെ പോലിസ് വാങ്ങിയില്ലെന്നുമാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. വ്യാജസിദ്ധന്റെ ചികില്‍സാ രീതികളെക്കുറിച്ചു കൃത്യമായ റിപോര്‍ട്ട് മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന വാര്‍ത്തയടക്കം പുറത്തുവന്നു. അതിനാല്‍ തന്നെ ആരോഗ്യവാനായ അഷ്‌റഫിന്റെ മരണത്തിലെ ദുരൂഹത നീക്കേണ്ടത് ആവശ്യമാണെന്നും ഭാര്യയ്ക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാനും വ്യാജസിദ്ധനെതിരേ കൊലക്കുറ്റം ചുമത്താനും പോലിസ് തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നൗഷാദ് കോയ, സി വി മജീദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top