അന്വേഷണം അന്തിമഘട്ടത്തില്‍

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും രണ്ടു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രത്യേകാന്വേഷണ സംഘ (എസ്‌ഐടി)ത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എം എന്‍ അനുചേത് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അഡീഷനല്‍ പോലിസ് കമ്മീഷണര്‍ (വെസ്റ്റ്) ബി കെ സിങിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കഴിഞ്ഞവര്‍ഷം സപ്തംബര്‍ അഞ്ചിനു രാത്രി രാജരാജേശ്വരി നഗറിലെ സ്വന്തം വസതിയില്‍ വച്ചാണ് അവര്‍ വെടിയേറ്റു മരിച്ചത്. അറസ്റ്റിലായവരില്‍ ചിലര്‍ക്കു ഹിന്ദുത്വ സംഘടനകളായ സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗ്രതി സമിതി എന്നിവയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സനാതന്‍ സന്‍സ്ഥ ഇക്കാര്യം നിഷേധിക്കുകയാണ്. പരശുറാം വാഗ്മറെയാണു ഗൗരിയെ വെടിവച്ചു കൊന്നതെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതു കേസില്‍ വലിയ വഴിത്തിരിവായി. അറസ്റ്റിലായവരില്‍ വാഗ്മറെയും കൊലപാതകം ആസൂത്രണം ചെയ്ത അമോല്‍കലെയും പെടും. കേസില്‍ മറ്റു ചിലരെയും പിടികിട്ടാനുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിമര്‍ശകരായ 26 പേരെ കൊലപ്പെടുത്താനുള്ള പട്ടിക ആസൂത്രകര്‍ തയ്യാറാക്കിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിന്റെ പേരും ഈ പട്ടികയിലുണ്ടായിരുന്നു. പ്രഫ. കെ എസ് ഭഗവാന്‍, ഗിരീഷ് കര്‍ണാട്, ചന്ദ്രശേഖര്‍ പാട്ടില്‍ തുടങ്ങിയവരാണു പട്ടികയിലെ പ്രമുഖര്‍. നരേന്ദ്ര ദബോല്‍ക്കര്‍ അടക്കമുള്ള യുക്തിവാദികളുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ സനാതന്‍ സന്‍സ്ഥയെ തീവ്രവാദി സംഘടനയായി കണക്കാക്കണമെന്നു ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷ് പറഞ്ഞു. എസ്‌ഐടി അന്വേഷണത്തില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.

RELATED STORIES

Share it
Top