അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ കവര്‍ച്ച; രണ്ട് പേര്‍ പിടിയില്‍ശാസ്താംകോട്ട: അന്യ സംസ്ഥാനതൊഴിലാളികളുടെ തൊഴില്‍ ഇടങ്ങളില്‍ നിന്നും മൊബൈല്‍ ഫോണും പണവും വിലപിടുള്ള സാധനങ്ങളും മോഷ്ടിക്കുന്ന രണ്ടു പേരെ കൊല്ലം റൂറല്‍ ഷാഡോ പോലിസ് പിടികൂടി. നെടുമങ്ങാട് കല്ല്യാട് തിരുവേലിമേലേ തടത്തരിക്ക് വീട്ടില്‍ ഗോപു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32) പിറവന്തൂര്‍ നെല്ലിവിളവീട്ടില്‍ ജിജോ എന്ന് വിളിക്കുന്ന ജിജുതോമസ്(34) എന്നവരാണ് പിടിയിലായത്. പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ നിന്നും അറുപതിലധികം മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു.അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ബൈക്കിലെത്തി വിലാസം തിരക്കുന്ന രീതിയില്‍ അഭിനയിക്കുകയും തുടര്‍ന്ന് തക്കത്തില്‍ സാധനങ്ങള്‍ അപഹരിച്ച് കടക്കുകയുമാണ് രീതി. മൊബൈല്‍ ഫോണുകളില്‍ നിന്നും സിംകാര്‍ഡുകളും മെമ്മറി കാര്‍ഡുകളും ഊരിമാറ്റിയ ശേഷം ബീമാപള്ളിയിലെ കടകളില്‍ വില്‍ക്കുകയാണ് പതിവ്. ശൂരനാട് കോയിക്കല്‍ ചന്തയില്‍ പണി നടത്തി വുരന്ന സാബു എന്ന കോണ്‍ട്രാക്ട്‌റുടെ തൊഴിലാളികളുടെ അഞ്ച് ഫോണും പണവും ശൂരനാട് ഹൈസ്‌കൂള്‍ ജങ്ഷനില്‍ മുജീബ് എന്ന ആളുടെ ഇഷ്ടിക കമ്പനിയില്‍ നിന്നും ഷാഹാന്‍ എന്ന ആളുടെ കടയില്‍ നിന്നും രണ്ട് ഫോണും പതിനായിരം രൂപയും നഷ്ടപ്പെട്ട സംഭവത്തിലുള്ള അന്വേഷണത്തിനിടയില്‍ കൊല്ലം റൂറല്‍ എസ്പി കെ സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലാവുന്നത്. ഇവര്‍ കരുനാഗപ്പള്ളിയ്ക്ക് സമീപം പത്ത് വര്‍ഷത്തിലധിമായി വാടകയ്ക്ക് താമസിച്ചു വരികയാണ്. ജിജോ മൊബൈല്‍ ഫോണ്‍ ടെകിനീഷ്യനായും പ്രവര്‍ത്തിച്ചു വരുന്നു. കൊല്ലം തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ ഇവര്‍ ഇത്തരത്തില്‍ വ്യാപകമായി മോഷണം നടത്തിവരികയായിരുന്നു. നിരവധിതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ പരാതി നല്‍കാത്തത് കാരണം ഭൂരിപക്ഷ സമയവും ഇവര്‍ രക്ഷപെട്ട് പോവുകയായിരുന്നു. ശാസ്താംകോട്ട സിഐ എ പ്രസാദ്, ശൂരനാട് എസ്‌ഐ ജോസഫ്  ലീയോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top