അന്ന ഹസാരെ നിരാഹാര സമരം നാലാം ദിവസം: പിന്തുണയില്‍ ഗണ്യമായ കുറവ്

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനായ അന്ന ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജനപിന്തുണയില്‍ ഗണ്യമായ കുറവ്. സമരത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച 1500ഓളം പേര്‍ മാത്രമാണ് പിന്തുണ പ്രഖ്യാപിച്ച് രാംലീല മൈതാനത്തെത്തിയത്.
കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ക്കെതിരായും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ലോകായുക്തയും ലോക്പാലും നിലവില്‍ വരുത്താന്‍ വേണ്ടിയുമാണ് ഹസാരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം തുടങ്ങി നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും അന്ന ഹസാരെയുടെ ശരീരഭാരം നാലു കിലോ കുറഞ്ഞതായും എന്നാല്‍ രക്തസമ്മര്‍ദം സാധാരണഗതിയിലാണെന്നും അദ്ദേഹത്തിന്റെ അനുയായി ദത്ത അവാരി പറഞ്ഞു. ഹസാരെയോടൊപ്പം ഉപവസിച്ച 227 പേരില്‍ മൂന്നു പേര്‍ ഞായറാഴ്ച അബോധാവസ്ഥയിലായി. നിരാഹാര സമരത്തിന്റെ ഒന്നാം ദിവസം 3000ഓളം ആളുകള്‍ മൈതാനത്ത് ഒത്തുകൂടിയിരുന്നു. എന്നാല്‍, രണ്ടാം ദിവസം അത് 2000 ആയും മൂന്നാം ദിവസം 1500 ആയും ചുരുങ്ങി. 2011ല്‍ “'അഴിമതിക്കെതിരേ ഇന്ത്യ'’ എന്ന ഹസാരെയുടെ സമരത്തിന്  ഇതിന്റെ പതിന്മടങ്ങ് ജനപിന്തുണ  ലഭിച്ചിരുന്നു.

RELATED STORIES

Share it
Top