അന്ന് എതിരാളി; ഇന്ന് സ്‌നേഹഭാജനം

ഇസ്‌ലാമാബാദ്: ആറര വര്‍ഷം മുമ്പ് സൈന്യത്തിന്റെ ദിനങ്ങള്‍ അവസാനിച്ചു എന്ന് പ്രഖ്യാപിച്ച മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്‍ ഇന്ന് പാക് സൈന്യത്തിന്റെ സ്‌നേഹഭാജനം.  1996 തഹ്‌രീകെ ഇന്‍സാഫ്(പിടിഐ) രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ഇംറാന്‍ 2012വരെ സ്വീകരിച്ചിരുന്ന നിലപാടുകളില്‍ നിന്നു  വ്യത്യസ്തമായ നിലപാടുകളാണ് പിന്നീട് സ്വീകരിച്ചത്.
2012ല്‍ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇംറാന്‍ പാകിസ്താനില്‍ സൈന്യത്തിന്റെ നാളുകള്‍ അവസാനിച്ചെന്നും യഥാര്‍ഥ ജനാധിപത്യം പുലരുന്നത് ഉടന്‍ കാണാന്‍ കഴിയുമെന്നുമായിരുന്നു ഒരഭിമുഖത്തില്‍ പറഞ്ഞത്. ദാവോസ് പരാമര്‍ശത്തിന് ശേഷം 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിടിഐക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇംറാന്‍ സൈന്യത്തെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ മാറ്റുകയായിരുന്നു. ഇത് പാകിസ്താന്‍ സൈന്യമാണെന്നും ശത്രുരാജ്യത്തിന്റേതല്ലെന്നും താന്‍ സൈന്യത്തെ കൂടെ കൂട്ടുമെന്നുമായിരുന്നു കഴിഞ്ഞ മെയില്‍ അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ കൂട്ടുപിടിച്ച് ഇന്ത്യ പാക് സൈന്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതായും ഇംറാന്‍ നേരത്തെ ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top