അന്നമനട ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

മാള: അന്നമനട ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി വിധിയിലൂടെ റദ്ധാക്കി. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ കെ രവി നമ്പൂതിരിക്കും എല്‍ഡിഎഫിലെ കെ എ ബൈജുവിനും 415 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നെന്ന്  എല്‍ഡിഎഫ് ആരോപിച്ചതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ബഹളങ്ങളും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ എത്തിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ക്ക് അവസാനമായത്. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ യുഡിഎഫിന് അനുകൂലമായാണ് നറുക്ക് വീണത്. ഇരുപക്ഷത്തിനും ഒമ്പത് അംഗങ്ങളായതോടെ ഭരണസമിതി തീരുമാനിക്കുന്നതും നറുക്കെടുപ്പ് നടത്തി.
ഈ നറുക്കെടുപ്പും യുഡിഎഫിന് അനുകൂലമായി. ഇതേതുടര്‍ന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എ ബൈജു ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്‌തെങ്കിലും യുഡിഎഫിന് അനുകൂലമായാണ് വിധി വന്നത്.  തുടര്‍ന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയില്‍ എല്‍ഡിഎഫ് അപ്പീല്‍ നല്‍കി. ഇതിലെ വിധിയാണിപ്പോള്‍ വന്നിരിക്കുന്നത്.  തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മതസ്പര്‍ദയുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തി, പോസ്റ്റല്‍ വോട്ടുകളിലെ ക്രമക്കേട്, നോമിനേഷനില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തെറ്റായ മറുപടി നല്‍കി തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഹരജി നല്‍കിയിരുന്നത്.യുഡിഎഫിലെ ഒരംഗത്തിന് അയോഗ്യതയുണ്ടായതോടെ അവരുടെ എണ്ണം എട്ടായി കുറഞ്ഞു. ഇതോടെ അന്നമനടയില്‍ ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിയിലായി.

RELATED STORIES

Share it
Top