അന്ത്യോദയ ട്രെയിന്‍ കൂകിപ്പായുന്നു; മൂന്ന് ജില്ലകളെ അവഗണിച്ച്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍
കാസര്‍കോട്: പുതുതായി സര്‍വീസ് ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസ്സിന് സ്റ്റോപ്പ്് അനുവദിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാവുന്നു.
ജൂണ്‍ 11ന് സര്‍വീസ് ആരംഭിച്ച കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട്ട് സ്‌റ്റോപ്പ് വേണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കൊച്ചുവേളിയില്‍ നിന്ന് ആരംഭിച്ച് മംഗളൂരു ജങ്ഷന്‍ വരെയുള്ള അന്ത്യോദയ എക്‌സ്പ്രസ്സിന് നിലവില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജങ്ഷന്‍, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്. മംഗളൂരു വിട്ടാല്‍ കണ്ണൂരില്‍ മാത്രമേ സ്റ്റോപ്പുള്ളൂ. 135 കിലോമീറ്ററിനുള്ളില്‍ ഒറ്റ സ്‌റ്റോപ്പുമില്ല. 18 കോച്ചുകളും ജനറല്‍ കോച്ചായതിനാല്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായ ട്രെയിന്‍ കൂടിയാണിത്. കാസര്‍കോഡിനു പുറമേ മലപ്പുറം ജില്ലയിലെ തിരൂര്‍, ആലപ്പുഴ ജില്ലയിലെ കായംകുളം എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പില്ല. തിരുവനന്തപുരത്തേക്ക് നിത്യേന ആയിരക്കണക്കിന് ആളുകളാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് മലബാര്‍, മാവേലി ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത്. പലപ്പോഴും അടിയന്തര ഘട്ടങ്ങളില്‍ റിസര്‍വേഷന്‍ ലഭിക്കാതെ വരും. അതോടെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ ദുരിതയാത്രചെയ്യേണ്ടി വരും. പലരും ട്രെയിനിലെ തിരക്കു കാരണം ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റിന്റെ മൂന്നിരട്ടിയോളം ചാര്‍ജ് വരും. ഇതിനൊക്കെ പരിഹാരമായാണ് പുതിയ അന്ത്യോദയ എക്‌സ്പ്രസ് ആരംഭിച്ചത്. എന്നാല്‍, ഇതിന്റെ പ്രയോജനം മൂന്ന് ജില്ലകളിലെ യാത്രക്കാര്‍ക്കു ലഭിക്കുന്നില്ല.
രാജധാനി എക്‌സ്പ്രസ്സിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ജനപ്രതിനിധികളും യാത്രക്കാരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് അന്ത്യോദയക്കും സ്‌റ്റോപ്പ് അനുവദിക്കാതിരിക്കുന്നത്. ദാദര്‍-കൊച്ചുവേളി, കോയമ്പത്തൂര്‍-ബിക്കാനീര്‍, തിരുവനന്തപുരം (ആഴ്ചയില്‍ ഒരുദിവസം) തുരന്തോ എക്‌സ്പ്രസ് എന്നിവയ്ക്കും കാസര്‍കോട് സ്‌റ്റോപ്പില്ല. കാസര്‍കോട്ടെ ട്രെയിന്‍ യാത്രക്കാര്‍ക്ക് സദാനന്ദ ഗൗഡ റെയില്‍വേ സഹമന്ത്രിയായിരിക്കുമ്പോള്‍ അനുവദിച്ച ബൈന്തൂര്‍ പാസഞ്ചര്‍ നിര്‍ത്തിയിട്ട് മാസങ്ങളായി.
കാസര്‍കോട് സ്‌റ്റേഷനില്‍ അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ 22ന് രാവിലെ യാത്രക്കാരനായിരുന്ന കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് അപായച്ചങ്ങല വലിച്ച് ട്രെയിന്‍ കാസര്‍കോട് സ്‌റ്റേഷനില്‍ നിര്‍ത്തിച്ചപ്പോള്‍ മുസ്‌ലിംലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി അരമണിക്കൂറോളം തടഞ്ഞിട്ടിരുന്നു. ഈ സംഭവം ദേശീയശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സ്റ്റോപ്പ് അനുവദിച്ചില്ല. ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് കഴിഞ്ഞ അഞ്ചുദിവസമായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അനിശ്ചിതകാല നിരാഹാരസമരത്തിലാണ്. സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഡിസിസി വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കിയതോടെ പി കരുണാകരന്‍ എംപിയും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 1 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം  പ്രഖ്യാപിച്ചു. രാജധാനി എക്‌സ്പ്രസ്സിനും ജില്ലാ ആസ്ഥാനത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top