അന്ത്യോദയ എക്‌സ്പ്രസ്സിന് സ്റ്റോപ്പില്ല; എംഎല്‍എ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി

കാസര്‍കോട്: പുതുതായി അനുവദിച്ച അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കാത്ത നടപടിക്കെതിരേ പ്രതിഷേധം വ്യാപകമാവുന്നു. കണ്ണൂര്‍ വിട്ടാല്‍ മംഗളൂരുവില്‍ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇതിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരുകയാണ്. ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്ന് അന്ത്യോദയ എക്‌സ്പ്രസ്സില്‍ കയറിയ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് സ്‌റ്റേഷനടുത്തു വച്ച് ട്രെയിനിന്റെ അപായച്ചങ്ങല വലിച്ചു. ഇതോടെ ട്രെയിന്‍ നിന്നു.
ഈ സമയത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്ന മുസ്‌ലിംലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ കാസര്‍കോട് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. അന്ത്യോദയ എക്‌സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പി കരുണാകരന്‍ എംപി ജൂലൈ 1 മുതല്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് റിലേ സത്യഗ്രഹം നടത്തിവരുകയാണ്.
എഐവൈഎഫ് നേതൃത്വത്തില്‍ ട്രെയിന്‍ തടയാനും തീരുമാനിച്ചിട്ടുണ്ട്. മുസ്്‌ലിംലീഗിന്റെ ട്രെയിന്‍ തടയല്‍ സമരത്തിന് പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, എ അബ്ദുര്‍റഹ്്മാന്‍, മൂസ ബി ചെര്‍ക്കള, എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം, എ എ ജലീല്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍റഹ്്മാന്‍ തുടങ്ങി 10 പേര്‍ക്കെതിരേ റെയില്‍വേ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top