അന്ത്യാഭിലാഷം ബാക്കിയാക്കി വിട

കൊടുങ്ങല്ലൂര്‍: ജീവിതാഭിലാഷം നിറവേറ്റാനാവാതെ നജ് മല്‍ ബാബു (ജോയ്) വിന് ജന്മനാട് വിട നല്‍കി. ആഗ്രഹിച്ചതുപോലെ മൃതദേഹം സംസ്‌കരിക്കണമെന്ന ആവശ്യം തര്‍ക്കത്തിലേക്ക് നീണ്ടു. മൃതദേഹം വഹിച്ച ആംബുലന്‍സിനു മു മ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നജ്മല്‍ ബാബുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചേരമാന്‍ ജുമാമസ്ജിദില്‍ ഖബറടക്കണമെന്ന സഹപ്രവര്‍ത്തകരുടെ ആവശ്യം അവഗണിച്ച് സഹോദരന്റെ വസതിയില്‍ ദഹിപ്പിക്കാനുള്ള നീക്കത്തിനെതിരേയായിരുന്നു പ്രതിഷേധം. പ്രതിഷേധകരെ പോലിസ് പിടിച്ചുനീക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സവര്‍ണ ഫാഷിസത്തോടുള്ള പ്രതിഷേധസൂചകമായി ഇസ്‌ലാം ആശ്ലേഷിച്ച ജോയി തന്റെ ഭൗതികശരീരം ഇന്ത്യയിലെ ആദ്യ മുസ്‌ലിം പള്ളിയായ ചേരമാന്‍ മസ്ജിദില്‍ അടക്കം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പത്രസമ്മേളനം നടത്തിയും പൊതുവേദികളിലും സൗഹൃദ സംഭാഷണങ്ങളിലും ജോയി ഈ ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നതാണ്. സിനിമാതാരം ജോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് അമ്പാടി വേണു, ടി എന്‍ ജോയിയുടെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് സഹോദരന്‍ ടി എന്‍ മോഹനന്റെ വസതിയില്‍ ഒരു മതത്തിന്റെയും ആചാരങ്ങളില്ലാതെ മൃതദേഹം ദഹിപ്പിക്കാന്‍ എംഎല്‍എയും നഗരസഭാ ചെയര്‍മാനും ചേര്‍ന്ന് തീരുമാനമെടുത്തു.
ചേരമാന്‍ പള്ളി മതസ്ഥാപനമാണെന്നും ഒരു മതത്തിന്റെയും വിശ്വാസം ഉള്‍ക്കൊള്ളാത്ത ജോയിയെ ഒരു പ്രത്യേക മതത്തിന്റെ സ്ഥാപനത്തില്‍ അടക്കം ചെയ്യാന്‍ പാടില്ല എന്നുമുള്ള നിലപാടാണ് സിപിഎം നേതാക്കള്‍ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം കൈക്കൊണ്ടത്. ഇതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഹരി ജില്ലാ കലക്ടര്‍ ടി വി അനുപമയ്ക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. പോലിസ് മൈതാനിയില്‍ നിന്നു മൃതദേഹം വീട്ടിലേക്ക് എടുക്കാനുള്ള നീക്കത്തിനെതിരേ ആംബുല ന്‍സിനു മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ച സമരക്കാരെ പോലിസ് പിടിച്ചുമാറ്റി.
രാവിലെ 11 മണിയോടെ ഹെല്‍ത്ത്‌കെയര്‍ സെന്ററില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ കെ വേണു, അജിത ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പോലിസ് മൈതാനിയില്‍ എത്തിച്ച മൃതദേഹത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കു വേണ്ടി അമ്പാടി വേണു റീത്ത് സമര്‍പ്പിച്ചു. മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍, പി ടി കുഞ്ഞുമുഹമ്മദ്, എന്‍ എസ് മാധവന്‍, ബിനോയ് വിശ്വം, പ്രഫ. അരുണ ന്‍ എംഎല്‍എ, നാസറുദ്ദീന്‍ എളമരം തുടങ്ങി വിവിധ തുറകളില്‍ നിന്നുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. അനുസ്മരണ യോഗത്തില്‍ ജോയ് തോമസ്, എം എസ് ജയകുമാര്‍, എന്‍ എസ് മാധവന്‍, പി സി ഉണ്ണിച്ചെക്കന്‍, ബിനോയ് വിശ്വം, കെ പി രാജേന്ദ്രന്‍, അരുണന്‍ മാസ്റ്റര്‍, അഡ്വ. വി ആര്‍ സുനില്‍ കുമാര്‍, കെ ആര്‍ ജൈത്രന്‍, അമ്പാടി വേണു, എന്‍ എം പിയേഴ്‌സണ്‍, ടി എം നാസര്‍ സംസാരിച്ചു.

RELATED STORIES

Share it
Top