അന്ത്യശുശ്രൂഷആര്‍ക്കും രക്ഷപ്പെടാനാവാത്ത ഒരു യാഥാര്‍ഥ്യമാണ് മരണമെങ്കിലും അതിനെ സമചിത്തതയോടെ അഭിമുഖീകരിക്കുന്നവര്‍ നന്നേ കുറവാണ്. മരണം ആസന്നമാവുമ്പോള്‍ നാം ആശുപത്രികളെ അഭയം പ്രാപിക്കുന്നു. പാശ്ചാത്യ നാടുകളില്‍ ആശുപത്രികളില്‍ മരിക്കുന്നവരാണ് കൂടുതല്‍. ആ പ്രവണത ഇപ്പോള്‍ വികസ്വര രാജ്യങ്ങളിലും ശക്തിപ്പെട്ടുവരുകയാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ജോലി മരണം നീട്ടിവയ്ക്കുകയാണ്. അതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ രോഗിയെ കൂടുതല്‍ കഷ്ടത്തിലാക്കുന്നുവെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അന്നനാളത്തിലും മൂക്കിലും കുഴലിടുന്ന ഇടപാട് യഥാര്‍ഥത്തില്‍ ഒരു ഗുണവും ചെയ്യുന്നില്ലെന്ന് ജപ്പാനില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ നടന്ന ഒരു സര്‍വേ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ അന്ത്യഘട്ടത്തിലെത്തിയ കാന്‍സര്‍ രോഗികള്‍ക്കു കീമോതെറാപ്പി നല്‍കുന്നതിലൂടെ മരണം കൂടുതല്‍ പ്രയാസകരമാക്കുന്നു എന്നാണ് വ്യക്തമായത്. അതേയവസരം, ആശ്വാസചികില്‍സയില്‍ രോഗികള്‍ക്കു ഗുണമുണ്ടായി. ഇക്കോണമിസ്റ്റ് വാരിക യുഎസ്, ബ്രസീല്‍, ഇറ്റലി, ജപ്പാന്‍ എന്നീ നാലു രാജ്യങ്ങളില്‍ ജീവിതാവസാനത്തിലെ ശുശ്രൂഷ സംബന്ധിച്ച് സംഘടിപ്പിച്ച ഒരു സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും വീട്ടില്‍ കിടന്നു മരിക്കാനാണ് ആഗ്രഹിച്ചത്. ആധുനിക വൈദ്യശാസ്ത്രം മരണം സംബന്ധിച്ച ഒരു പുനരഭിവിന്യാസം നടത്തേണ്ടതുണ്ട് എന്നാണ് ഇതില്‍ നിന്നൊക്കെ തെളിയുന്നത്.

RELATED STORIES

Share it
Top