അന്ത്യദര്‍ശനത്തിനു വച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി

കിളിമാനൂര്‍: നാടിനെ നടുക്കിയ ദുരന്തത്തിനിടയില്‍ ചിലര്‍ രാഷ്ട്രീയം കളിച്ചു. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ച് നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനിടയില്‍ പോലിസെത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോയി. മടവൂരില്‍ പാറ മടയിലെ കുളത്തില്‍ മുങ്ങി മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹത്തോടാണ് പോലിസും ചില രാഷ്ട്രീയക്കാരും ചേര്‍ന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കടുത്ത മനോവിഷമത്തിന് കാരണമായ നടപടി സ്വീകരിച്ചത്.
ഇടപ്പാറ കുടുംബത്തിലെ നസീമാബീവിയുടെ ചെറുമക്കളായ അമ്പിളിമുക്ക് തസ്‌നി മന്‍സിലില്‍ കമാലുദ്ദീന്‍ തസ്‌നി ദമ്പതികളുടെ മകള്‍ ഷിഹാന (17), മൂന്നാം വിള ബുഷറാലയത്തില്‍ ജമാലുദ്ദീന്‍ ബുഷ്‌റ ദമ്പതികളുടെ മകള്‍ ജുമാന (16), മൂന്നാം വിള ബീനാലയത്തില്‍ സിറാജുദ്ദീന്‍ ബീന ദമ്പതികളുടെ മകള്‍ സൈനബ (15) എന്നിവരാണ് ഞായറാഴ്ച വൈകീട്ട്് ഇടപ്പാറ പാറമട കുളത്തില്‍ മുങ്ങി മരിച്ചത്. ഫയര്‍ ഫോഴ്‌സ് സംഘവും പോലിസും ചേര്‍ന്ന് രാത്രി 7.30 ഓടെ മൂന്ന് മൃതദേഹങ്ങളും കരക്കെടുത്തു.
പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിക്കുകയും അവിടെ സൂക്ഷിക്കുകയും ചെയ്തു. നടപടി പ്രകാരം പള്ളിക്കല്‍ പോലിസ് കേസെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്. എന്നാല്‍ ചില ദുരന്തങ്ങളില്‍ പോസ്റ്റ്്‌മോര്‍ട്ടത്തിന് കാത്തു നില്‍ക്കാതെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാറുണ്ട്. ഇവിടെയും ദുരന്തമായി കണ്ട് മൃതദേഹങ്ങള്‍ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെ തുടര്‍ന്ന് വിട്ടുകൊടുത്തു. വലിയ ആഘാതത്തിനിടയില്‍ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമായി.
മൂന്ന് ആംബുലന്‍സുകളിലായി മൃതദേഹം വീട്ടിലെത്തിക്കുകയും ഖബറടക്കം അടുത്ത ദിവസമായതിനാല്‍ മൊബൈല്‍ മോര്‍ച്ചറി വരുത്തി മൃതദേഹങ്ങള്‍ അതിലേക്ക് മാറ്റി. നൂറ് കണക്കിന് ജനങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ഇതിനിടയില്‍ പോലിസ് എത്തി മൃതദേഹങ്ങള്‍ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടു പോവുകയും ചെയ്തു.
നടപടിക്കു പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണെന്നാണ് അറിയുന്ന വിവരം. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചിലര്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഡിജിപി ഇടപെട്ട് പോസ്റ്റ്്്‌മോര്‍ട്ടം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും  ഇടയില്‍   നടപടി വലിയ മനോവേദനക്ക്  കാരണമായി. പോസ്റ്റ്്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വീണ്ടും വീട്ടിലെത്തിച്ചു. ഇന്ന് ഖബറടക്കും.

RELATED STORIES

Share it
Top