അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് അനുമതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കി. സ്വകാര്യ ആശുപത്രി മാനേജുമെ ന്റുകളുടെ ഹരജി പരിഗണിച്ച് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ പിന്‍വലിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
1948ലെ കുറഞ്ഞകൂലി ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കണം അന്തിമവിജ്ഞാപനമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. ആശുപത്രി മാനേജുമെന്റുകളും ട്രേഡ് യൂനിയനുകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ വേണമെന്ന് സര്‍ക്കാരിന് തോന്നുകയാണെങ്കില്‍ അത് ചെയ്യാവുന്നതാണ്. അന്തിമ വിജ്ഞാപനത്തില്‍ ഏതെങ്കിലും എതിര്‍കക്ഷികള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ക്കു ഹരജി സമര്‍പ്പിക്കാവുന്നതാണെന്നും ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എംഡി ഡോ. ജോസഫ് ബെനെവന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. മാര്‍ച്ച് 28ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകളുടെ ഫലം എന്തായിരുന്നുവെന്ന് ഇന്നലെ ഹരജി പരിഗണിച്ചയുടന്‍ കോടതി ചോദിച്ചു. ചര്‍ച്ച പരാജയപ്പെട്ടെന്ന് ആശുപത്രി മാനേജുമെന്റുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരും റിപോര്‍ട്ട് നല്‍കി.
സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് എന്തിനാണ് ഹരജി ഫയല്‍ ചെയ്തതെന്ന് കോടതി മാനേജുമെന്റുകളോട് വാക്കാല്‍ ചോദിച്ചു. തങ്ങളുടെ നിലപാട് പരിഗണിക്കാതെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും അതിനാല്‍, കോടതിയെ സമീപിക്കാതെ മാര്‍ഗമില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. നഴ്‌സുമാരുടെ ഒരു യൂനിയനാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. യൂനിയന്‍ ഏതാണ് എന്ന കാര്യമൊന്നും പരിശോധിക്കുന്നില്ലെന്ന് കോടതി ഇതിന് മറുപടി നല്‍കി.
നഴ്‌സുമാരുടെ ശമ്പളവും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രിംകോടതി മുമ്പ് ഉത്തരവിറക്കിയതാണെന്നും അതിനാല്‍, സംസ്ഥാനസര്‍ക്കാര്‍ നീക്കം അനാവശ്യമാണെന്നും മാനേജുമെന്റുകള്‍ തുടര്‍ന്നു വാദിച്ചു. ഈ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. സുപ്രിംകോടതി നിര്‍ദേശം വന്നത് നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യവും മറ്റുമായി ബന്ധപ്പെട്ടാണെന്നും അതിനാല്‍ ആ വാദം പരിഗണിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് അന്തിമ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി ഉത്തരവിറക്കിയത്.

RELATED STORIES

Share it
Top