അന്താരാഷ് ട്ര സഹകരണം: കോവന്‍ട്രി സര്‍വകലാശാലാ സംഘം കാലിക്കറ്റുമായി ചര്‍ച്ച തുടങ്ങി

തേഞ്ഞിപ്പലം:  വിദേശത്തെ മികച്ച സര്‍വകലാശാലകളുമായി അക്കാദമിക സഹകരണം ലക്ഷ്യമാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ്ണ ജൂബിലി പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലെ കോവന്‍ട്രി സര്‍വകലാശാലയുടെ ഉന്നത സംഘം കാംപസ് സന്ദര്‍ശനം ആരംഭിച്ചു. കോവന്‍ട്രി സര്‍വകലാശാലയിലെ സ്ട്രാറ്റജി ഡയറക്ടര്‍ ഡോ: മാര്‍ക്ക് ഹോള്‍ട്ടന്‍, അസോസിയേറ്റഡ് വൈസ് ചാന്‍സലര്‍ ഡോ.ആന്‍ഡ്രൂം ടേണ്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം വൈസ് ചാന്‍സലര്‍, പ്രൊ. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ജോയിന്റ് രജിസ്ട്രാര്‍ മാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ എന്നിവരുമായി കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തി. പാഠ്യവിഷയങ്ങളില്‍ ആഗോള കാഴ്ചപ്പാടാണ് കോവന്‍ട്രി സര്‍വകലാ ശാലയുടേതെന്ന് ഡോ: മാര്‍ക്ക് ഹോള്‍ട്ടന്‍ പറഞ്ഞു.കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാം കേന്ദ്രം, എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍, എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കാലിക്കറ്റ് സര്‍വകലാശാലയുടെ ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന ചികിത്സ പുനരധിവാസ പദ്ധതികള്‍ മാതൃകാപരമാണെന്ന് വിലയിരുത്തിയ സംഘം കോവന്‍ട്രി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ഈ വിഷയത്തില്‍ കാലിക്കറ്റിലേക്ക് അയച്ച് പരിശീലനം നേടുന്നതിനുള്ള സന്നദ്ധത അറിയിച്ചു.സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ലോ പെര്‍ഫോമിംഗ് ആര്‍ട്‌സ്, ഭാഷാ പഠന വിഭാഗം, വിദ്യാഭ്യാസ പഠന വിഭാഗം എന്നിവിടങ്ങളിലെ അധ്യാപകരുമായി സംഘം ഇന്നലെ വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇന്ന് സംഘം വയനാട്ടിലെ ചെതലയത്തെ ഗോത്രവര്‍ഗ പഠന ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കും.

RELATED STORIES

Share it
Top