അന്താരാഷ്ട്ര വനിതാദിനം: 'സധൈര്യം മുന്നോട്ട്' നാളെ മുതല്‍ 14 വരെ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ 14 വരെ വിപുലമായ രീതിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 'സധൈര്യം മുന്നോട്ട്' എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. വനിതാ-ശിശുവികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത്.
വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരള സാമൂഹിക സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, കൂടാതെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, എന്‍എച്ച്എം, കുടുംബശ്രീ മുതലായ വകുപ്പുകളും കേരളത്തിലെ എല്ലാ വനിതാ സംഘടനകളും ഒന്നായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ വനിതാ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജെന്‍ഡര്‍ സാക്ഷരതായജ്ഞത്തിനും തുടക്കം കുറിക്കും.
നാളെ വൈകീട്ട് മൂന്നിന് തിരുവനന്തപുരം വിജെടി ഹാളി ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാദിനാചരണം ഉദ്ഘാടനം ചെയ്യും. ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷയായിരിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകള്‍ക്കുള്ള 2017ലെ വനിതാരത്‌ന പുരസ്‌കാരവും ഇതോടൊപ്പം വിതരണം ചെയ്യും.
നാളെ മുതല്‍ 14 വരെ വനിതാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും മൂന്നുമണി മുതല്‍ വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി തുറന്ന സംവാദവും കലാപരിപാടികളും സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി നാളെ വൈകീട്ട് അഞ്ചിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ നടത്തും. 14ാം തിയ്യതി വൈകീട്ട് ആറിന് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടിക ള്‍.  ഇതോടൊപ്പം ജില്ലകളിലെ വനിതാ-ശിശുവികസനം, സാമൂഹികനീതി, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും.

RELATED STORIES

Share it
Top