അന്താരാഷ്ട്ര യോഗാ ദിനം; ബിഹാറും മിസോറാമും വിട്ടുനിന്നു

ന്യൂഡല്‍ഹി: ബിഹാറില്‍ അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ബിജെപി വിപുലമായ പരിപാടികള്‍ ഒരുക്കിയപ്പോള്‍ സഖ്യകക്ഷിയായ ജെഡിയുവും മുഖ്യമന്ത്രി നിതീഷ് കുമാറും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു.
തുടര്‍ച്ചയായ മൂന്നാം തവണയാണു ജെഡിയു യോഗാ ദിനാഘോഷങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പരസ്യമായുള്ള യോഗാനുഷ്ഠാനം തെറ്റായി കരുതുന്നതു കൊണ്ടാണു തങ്ങള്‍ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നു ജെഡിയു വക്താവ് അറിയിച്ചു.
യോഗ ആളുകളുടേതു തികച്ചും സ്വകാര്യമായ തിരഞ്ഞെടുപ്പാണെന്നും താന്‍ സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും, മുഖ്യമന്ത്രി നിതീഷ് കൂമാറും സ്ഥിരമായി യോഗ ചെയ്യാറുണ്ട്, എന്നാല്‍ അത് പരസ്യമായി ചെയ്യുന്നതിനോടു വിയോജിപ്പാണെന്നും ജെഡിയു വക്താവ് നീരജ്കുമാര്‍ പറഞ്ഞു.
എന്നാല്‍ ഇവര്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയുള്ളതല്ലെന്നും എല്ലാവരും പങ്കെടുക്കണമെന്ന നിര്‍ബന്ധമില്ലെന്നുമായിരുന്നു ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുഷീല്‍ മോദിയുടെ ഉത്തരം. പങ്കെടുത്തവരില്‍ പലരും ജെഡിയു അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപി സംഘടിപ്പിച്ച യോഗ ദിനാഘോഷ പരിപാടിയില്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, ഗവര്‍ണര്‍ സത്യപാല്‍ മാലിക്, മറ്റു മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. അതേസമയം മിസോറാം സര്‍ക്കാരും അന്താരാഷ്ട്ര യോഗദിന ആഘോഷങ്ങളില്‍ നിന്നു വിട്ടുനിന്നു. സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരും മന്ത്രിമാരും അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു. പല മന്ത്രിമാരും ഉദ്യോഗസ്ഥരും ഇത്തരമൊരു കാര്യത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത പ്രതികരണങ്ങളാണു  നടത്തിയത്.

RELATED STORIES

Share it
Top