അന്താരാഷ്ട്ര പുസ്തകോല്‍സവം മൂന്നിനു തുടങ്ങും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര പുസ്തകോല്‍സവവും ഡിടിപിസി സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്‌കാരികോല്‍സവവും മൂന്നു മുതല്‍ എട്ടു വരെ കലക്‌ട്രേറ്റ് മൈതാനിയിലും ടൗണ്‍ സ്‌ക്വയറിലുമായി നടക്കും.
മൂന്നിന് വൈകീട്ട് അഞ്ചിന് പുസ്തകോല്‍സവം ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പനും സാംസ്‌കാരികോല്‍സവം മേയര്‍ ഇപി ലതയും ഫോട്ടോ പ്രദര്‍ശനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടനും ഉദ്ഘാടനം ചെയ്യും. കലക്ടര്‍ മീര്‍മുഹമ്മദലി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ കെ വി സുമേഷ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ നാടന്‍ കലാമേള അരങ്ങേറും. ദിവസവും രാവിലെ 9 മുതല്‍ രാത്രി എട്ടു വരെയാണ് പുസ്തക പ്രദര്‍ശനവും വില്‍പനയും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, എഴുത്തുകാര്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.  കേരളത്തിനകത്തും പുറത്തുമുള്ള പ്രസാധകര്‍ 120 സ്റ്റാളുകളിലായാണ് അണി നിരക്കുന്നത്. ഗ്രന്ഥശാലാ സംഘത്തില്‍ അഫലിയേറ്റ് ചെയ്ത 920 ഗ്രന്ഥശാലകളുടെ ഗ്രാന്റ് വിനിയോഗത്തിന് പുറമെ സ്‌കൂള്‍, കോളജ് ലൈബ്രറികളും പൊതുജനങ്ങളും പ്രദര്‍ശനത്തില്‍ പങ്കാളികളാകും. പുസ്തകങ്ങള്‍ക്ക് 35 ശതമാനം വരെ കിഴിവും ലഭിക്കും. നാല്, അഞ്ച്, ആറ് തിയതികളില്‍ അമേച്ച്വര്‍ നാടക മല്‍സരം നടക്കും. നാലിന് 6.30 ഉയിര്‍പ്പിന്റെ ഗീതം-സെന്‍ട്രല്‍ ആര്‍ട്‌സ് വെളളൂര്‍ 8ന്്്  ദ്വന്ദ്വം ( കൃഷ്ണപ്പിളള സ്മാരക കലാസമിതി മാങ്ങാട്) ഏപ്രില്‍ 5ന് വ്യാഴാഴ്ച 6.30 കറുപ്പന്‍ (നാട്യസംസ്‌കൃതി കൂത്തുപറമ്പ്) 8 മണി നിരാസമയന്‍(ഗാന്ധി സ്മാരക ഗ്രന്ഥാലയം, നെരുവമ്പ്രം) ആറിന് . 6.30ന്  അകക്കോലം( വോയ്‌സ് ഓഫ് ചന്തേര) എട്ടിന്-പെണ്ണ് (ഇഎംഎസ് ഗ്രന്ഥാലയം നെല്ലിപ്പറമ്പ്) എന്നീ ആറു നാടകങ്ങള്‍ അവതരിപ്പിക്കും. ആറിന് വൈകീട്ട് നാടക പ്രവര്‍ത്തക കൂട്ടായ്മ സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
ഏഴിന് വൈകീട്ട് 5.30ന് കഥാപ്രസംഗ പരിപോഷണ വേദിയുടെ സഹകരണത്തോടെ കഥാ പ്രസംഗ മഹോല്‍സവം അരങ്ങേറും. ആറിന് രാവിലെ പത്ത് മുതല്‍ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംസ്ഥാനതല ചെസ്സ് മല്‍സരം നടക്കും. 19 വയസ്സിന് താഴെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും മറ്റുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും മല്‍സരിക്കാം. ദിവസവും രാവിലെ 10 മണി, 11.30, ഉച്ച കഴിഞ്ഞ 3 മണി എന്നീ സമയങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറം നടക്കും. കുട്ടികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍ എന്നിവരുമായി എഴുത്തുകാര്‍ സംവദിക്കും. പതിനഞ്ചിലധികം പുസ്തകങ്ങളുടെ പ്രകാശനം വിവിധ ദിവസങ്ങളിലായി നടക്കും. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ദിവസവും 12.30 മണി മുതല്‍ 3 മണി വരെ സിനിമാ, ഡോക്യുമെന്റി പ്രദര്‍ശനം നടക്കും. പ്രദര്‍ശന നഗരയില്‍ 2 വേദികളിലും ടൗണ്‍ സ്‌ക്വയറിലുമായി സമാന്തരമായി മൂന്നു വേദികളിലായാണ് സാംസ്‌കാരിക പരിപാടികള്‍ നടക്കുക. പൂരക്കളി, ചാക്യാര്‍കൂത്ത്, അക്ഷരശ്ലോകം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും. കവിതാലാപന, ഗാനാലാപന മല്‍സരവും നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എ പ്ലസ് ഗ്രേഡ് ലഭിച്ച ലൈബ്രറികളുടെ കൂട്ടായ്മ എട്ടിന് രാവിലെ 11 മുതല്‍ തുടങ്ങും. പുതിയ കാലത്ത് ഗ്രന്ഥശാലാ പ്രവര്‍ത്തനവും സാംസ്‌കാരിക പ്രവര്‍ത്തനവും നടത്തേണ്ട മാറ്റങ്ങളെ കുറിച്ചും പുതിയ കാഴ്ചപ്പാടുകളും സംഗമത്തില്‍ ഉരുത്തിരിയും. എട്ടിന് വൈകീട്ട് സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐവി ദാസ് പുരസ്‌കാരവും ജില്ലാ താലുക്ക് പുരസ്‌കാരങ്ങളും വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ പി ജയപാലന്‍, കവിയൂര്‍ രാജഗോപാലന്‍, പി കെ ബൈജു, എം മോഹനന്‍, എം ബാലന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top