അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരേ യുഎസ്

വാഷിങ്ടണ്‍: അഫ്ഗാന്‍ യുദ്ധത്തില്‍ അതിക്രമം പ്രവര്‍ത്തിച്ച അമേരിക്കന്‍ സൈനികര്‍ക്കെതിരേ നിയമനടപടി അരുതെന്ന ഭീഷണിയുമായി യുഎസ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)ക്കെതിരേയാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഭീഷണികളുമായി രംഗത്തെത്തിയത്.
അമേരിക്കന്‍ പൗരന്മാര്‍ക്കെതിരേ വിചാരണ നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സഹകരിക്കില്ലെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരേയും ജഡ്ജിമാര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും വാഷിങ്ടണില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താനില്‍ യുദ്ധത്തടവുകാരെ ചൂഷണം ചെയ്‌തെന്ന ആരോപണത്തിലാണ് യുഎസ് സൈനികര്‍ വിചാരണ നേരിടുന്നത്. കോടതി നടപടികള്‍ നിയമാനുസൃതമല്ലെന്നാണ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞത്. തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍ തങ്ങളെന്തും ചെയ്യും. വിചാരണനടപടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെങ്കില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി സഹകരിക്കില്ല. ഒരു സഹായവും അനുവദിക്കില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ജീവനില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വിചാരണയുമായി മുന്നോട്ടുപോവുന്ന ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും യുഎസിലേക്ക് കടക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തും. യുഎസില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കുകയും യുഎസ് കോടതിയില്‍ അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യും. യുഎസ് ഭരണഘടനയ്ക്കു മുകളിലായി ഒരു അധികാരസ്ഥാനങ്ങളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്താനില്‍ യുദ്ധത്തടവുകാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമേരിക്കന്‍ ചാരസംഘടന സിഐഎക്കും യുഎസ് സൈനികര്‍ക്കും പങ്കുണ്ടെന്ന് 2016ല്‍ ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വെളിപ്പെടുത്തിയിരുന്നു.
2002ലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിതമായത്. വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍ എന്നിവയാണ് കോടതി പരിഗണിക്കുക. 120ഓളം രാജ്യങ്ങള്‍ ഐസിസിയില്‍ അംഗമാണ്.

RELATED STORIES

Share it
Top