അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം; സമഗ്രമായ മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്ന് പിണറായി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠനത്തിന്റെ റിപോര്‍ട്ട് ഒക്ടോബര്‍ 1ന് സംസ്ഥാന ഗവണ്‍മെന്റിനും കേന്ദ്ര ധനമന്ത്രാലയത്തിനും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തുടര്‍ന്ന്, അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യത്തിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘത്തിന്റെ റിപോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന് ലഭിക്കുമെന്നാണ് അറിയുന്നത്. ഇതുപ്രകാരം ആവശ്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി വിദേശരാജ്യങ്ങളില്‍ ശക്തമായ മലയാളി സാന്നിധ്യമുണ്ട്. ജന്‍മനാടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കുകൊള്ളണമെന്നുള്ള വിദേശമലയാളികളുടെ ആഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നയിക്കുന്ന സംഘം ബന്ധപ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനാവശ്യമായ സഹായങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അഭ്യര്‍ഥിച്ചു.
പ്രളയത്തില്‍ 481 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 13 ജില്ലകളെയും പ്രളയം ബാധിച്ചു. 14,50,707 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം പ്രാപിച്ചത്. 15,000 വീടുകള്‍ പൂര്‍ണമായും 4,000ഓളം വീടുകള്‍ ഭാഗികമായും നശിച്ചു. ആയിരക്കണക്കിന് ഹെക്ടറില്‍ കൃഷി നശിച്ചു. ഉരുള്‍പൊട്ടലില്‍ കൃഷിഭൂമി തന്നെ ഇല്ലാതായി. 10,000ഓളം കിലോമീറ്റര്‍ റോഡുകള്‍ തകരുകയോ ഗതാഗതയോഗ്യമല്ലാതാവുകയോ ചെയ്തു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധി നഷ്ടപ്പെട്ട കാര്യവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ലോകത്തിനുതന്നെ മാതൃകയാവുന്ന രീതിയിലുള്ള സമഗ്രമായ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണു സംസ്ഥാനത്ത് നടന്നത്. കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ നിര്‍ലോപമായ പിന്തുണയ്ക്ക് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസും കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top