അന്താരാഷ്ട്ര എനര്‍ജി ഉച്ചകോടിയില്‍ മലയാളി സാന്നിധ്യം

മലപ്പുറം: ഈ മാസം പത്തുമുതല്‍ പന്ത്രണ്ടുവരെ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര എനര്‍ജി ഫോറത്തിന്റെ (ഐഇഎഫ്) പതിനാറാമത് ഉച്ചകോടിയില്‍ മലയാളി സാന്നിധ്യവും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന റിയാദ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എനര്‍ജി ഫോറത്തിന്റെ ഏഴംഗ പ്രതിനിധികളില്‍ ഒരാളാണ് റിയാദില്‍ നിന്നുള്ള പെരിന്തല്‍മണ്ണ സ്വദേശി ഇബ്രാഹിം സുബ്ഹാന്‍.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ചൈനയും കൊറിയയും ഇന്ത്യയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ആഗോള തലത്തിലെ ഊര്‍ജ പ്രതിസന്ധിയും മാറ്റങ്ങളും നയങ്ങളിലെ വ്യതിയാനങ്ങളും പുതിയ സാങ്കേതിക വളര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടും. ഏതു തരത്തിലാണ് ഊര്‍ജവിപണി സ്ഥിരതയേയും മേഖലയിലെ മൂലധന നിക്ഷേപത്തെയും സ്വാധീനിക്കുക എന്നതാണ് സമ്മേളനം ചര്‍ച്ചയ്‌ക്കെടുക്കുന്ന മുഖ്യ വിഷയം. 40തോളം രാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ വകുപ്പ് മന്ത്രിമാരും വ്യവസായ വാണിജ്യ പ്രമുഖരും സമ്മേളിക്കുന്ന ഉച്ചകോടിയില്‍ എണ്ണ ഉത്പാദനം, വ്യാപാരം, പ്രതിസന്ധി, ആഗോളതാപനം എന്നിവയെല്ലാം പ്രതിപാദിക്കപ്പെടുമെന്നും ഇബ്രാഹിം സുബ്ഹാന്‍ പറഞ്ഞു.  മുന്‍ വര്‍ഷങ്ങളില്‍ റോമിലും മോസ്‌കോയിലും നടന്ന ഊര്‍ജ ഉച്ചകോടികളില്‍ ഇന്റര്‍നാഷനല്‍ എനര്‍ജി ഫോറത്തെ  പ്രതിനിധീകരിച്ച് സുബ്ഹാന്‍ പങ്കെടുത്തിട്ടുണ്ട്.
77 രാജ്യങ്ങള്‍ അംഗമായ ഇന്റര്‍നാഷനല്‍ എനര്‍ജി ഫോറത്തിന്റെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിക്കുന്നത് റിയാദിലാണ്. 2003 ഡിസംബറില്‍ ഐഇഎഫ് ആസ്ഥാനം സൗദി അറേബ്യയിലെ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ അവിടെ സേവനം അനുഷ്ഠിച്ചു വരുകയാണ് ഇബ്രാഹിം സുബ്ഹാന്‍.
ഇന്റര്‍നാഷനല്‍ എനര്‍ജി ഫോറത്തില്‍ ഉള്ള അംഗരാജ്യങ്ങളുടെ ഊര്‍ജ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഈ പെരിന്തല്‍മണ്ണക്കാരന്‍.
മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫിസറായിരുന്ന പരേതനായ ആര്‍ എം അബ്ദുള്‍ സുബ്ഹാന്റെയും ഖദീജയുടേയും മകനായ ഇബ്രാഹിം സുബ്ഹാന്‍ ആനുകാലികങ്ങളില്‍ ശാസ്ത്ര വിഷയങ്ങള്‍ ഏറെ കൈകാര്യം ചെയ്തിട്ടുണ്ട്.  ഇബ്രാഹിം റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. എംഎസ്എസ് സക്കാത്ത് സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ഭാരവാഹിയാണ്.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ സാദിരിക്കോയയുടെ മകളും റിയാദ് ദല്ല ഹോസ്പിറ്റല്‍ മെഡിക്കല്‍ സെക്രട്ടറിയുമായ ഷാജിനയാണ് ഭാര്യ. അമല്‍ ഇബ്രാഹിം,  മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയില്‍ ബിബിഎ ബിസിനസ് പഠിക്കുന്ന അവൈസ് ഇബ്രാഹിം എന്നിവര്‍ മക്കളാണ്.

RELATED STORIES

Share it
Top